കൊൽക്കത്ത: ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് സ്വർണം കടത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ. നാദിയ സ്വദേശിയായ റയൽ മണ്ഡലാണ് പിടിയിലായത്. 69 ലക്ഷം രൂപയുടെ 10 സ്വർണ ബിസ്കറ്റുകളാണ് ബിഎസ്എഫ് ഇയാളിൽ നിന്നും പിടികൂടിയത്.
ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് സ്വർണ ബിസ്ക്കറ്റുകൾ കടത്തുന്നുവെന്ന വിവരത്തെ തുടർന്ന് അതിർത്തി സുരക്ഷാ സേന പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു. തിരച്ചിലിനിടയിൽ ബംഗ്ലാദേശ് ഭാഗത്ത് നിന്നുള്ള കള്ളക്കടത്തുകാർ അതിർത്തി വേലിയ്ക്ക് മുകളിലൂടെ ഒരു പാക്കറ്റ് വലിച്ചെറിയുന്നത് ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു.
ബിഎസ്എഫ് സംഘം സ്ഥലത്തെത്തിയതോടെ പ്രതികൾ ബംഗ്ലാദേശ് ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടു. ഇതിന് പിന്നാലെ പാക്കറ്റ് എടുക്കാൻ എത്തിയയാളെ ബിഎസ്എഫ് സംഘം പിടികൂടുകയായിരുന്നു. ഇയാളെ പരിശോധിച്ചപ്പോളാണ് രണ്ട് പാക്കറ്റിലായി 10 സ്വർണ ബിസ്ക്കറ്റുകൾ കണ്ടെടുത്തത്. പിടികൂടിയ സ്വർണവും കടത്തുകാരനെയും തുടർ നടപടികൾക്കായി കസ്റ്റം ഉദ്യോഗസ്ഥർക്ക് കൈമാറി.
Comments