രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ ഐഎസ്ആർഒ അടുത്തതായി ലക്ഷ്യം വെയ്‌ക്കുന്നത് സൂര്യനെയാണ്. ചന്ദ്രയാൻ-3യുടെ റോവർ ചന്ദ്രനിൽ പരീക്ഷണങ്ങൾ നടത്തുകയും പഠനങ്ങൾക്കുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്ന വേളയിൽ തന്നെ ഐഎസ്ആർഒ ശാസ്ത്രജ്ഞർ സൂര്യനിലേക്കുള്ള യാത്രയുടെ തയാറെടുപ്പിലാണ്. ഇതിന് മുന്നോടിയായ രാജ്യത്തിന്റെ ആദ്യ സൗര ദൗത്യമായ ആദിത്യ-എൽ1 ശ്രീഹരിക്കോട്ടയിൽ വിക്ഷേപണത്തിനായി തയാറെടുത്തുകൊണ്ടിരിക്കുകയാണ്.
ആദിത്യ-എൽ1 ലക്ഷ്യം വെയ്‌ക്കുന്നത് ഒന്നിലധികം കാര്യങ്ങളാണ്. ബഹിരാകാശ പേടകത്തിന്റെ രൂപകൽപ്പനയും ഇതടിസ്ഥാനമാക്കിയാണ്. സൂര്യന്റെ പ്രഭാവലയത്തിനടുത്തെത്തി വിദൂര നിരീക്ഷണങ്ങൾ നൽകുന്നതിനും സൗര അന്തരീക്ഷത്തെ കുറിച്ച് പഠിക്കുന്നതിനുമാണ് ആദിത്യ-എൽ1 കുതിക്കാനൊരുങ്ങുന്നത്. ഇതിന് പുറമേ ഭൂമിയുടെ കാലാവസ്ഥാ വ്യതിയാനങ്ങളിൽ സൂര്യന്റെ സ്വാധീനം എത്രമാത്രമുണ്ടെന്ന് വിലയിരുത്തുന്നതിനായി ഇതിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ സഹായിക്കും.
വിക്ഷേപണത്തിനു മുന്നോടിയായി ഉപഗ്രഹം സജ്ജമായി കഴിഞ്ഞു. ശ്രീഹരിക്കോട്ടയിലെത്തിയ പേടകത്തിന്റെ വിക്ഷേപണം എന്നത്തേക്ക് കാണുമെന്ന് രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് വ്യക്തമാക്കി. സെപ്റ്റംബർ രണ്ടിനായിരുന്നു വിക്ഷേപണം ലക്ഷ്യം വെച്ചിരുന്നതെങ്കിലും ആദ്യ ആഴ്ചയിൽ തന്നെ സാദ്ധ്യമാകുമെന്നാണ് വിലയിരുത്തൽ.
ആദിത്യ-എൽ1 രാജ്യത്തിന്റെ ഹെവി-ഡ്യൂട്ടി വെഹിക്കിളായ പിഎസ്എൽവിയിലാണ് കുതിച്ചുയരുന്നത്. ഇത് 1.5 ദശലക്ഷം കിലോമീറ്റർ സഞ്ചരിക്കും. വിക്ഷേപണത്തിന് ശേഷം ഭൂമിയിൽ നിന്നും എൽ1 പോയിന്റ് അഥവാ ലാഗ്രാഞ്ച് പോയിന്റിൽ എത്തുന്നതിനായി 125 ദിവസമാണ് എത്തുക. ഇത് വരെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബഹിരാകാശ ദൗത്യങ്ങളിൽ ചെലവിൽ ഏറ്റവും കുറവ് ഉപയോഗമെന്ന നിലയിൽ ഐഎസ്ആർഒ ലോക പ്രശസ്തി നേടിയിട്ടുണ്ട്. ചന്ദ്രയാൻ 3യുടെ ദൗത്യത്തിന് ഏകദേശം 600 കോടി ചിലവായിരുന്നു. എന്നാൽ ചന്ദ്രയാൻ-3യുടെ പകുതി ചിലവിലാണ് ആദിത്യ-എൽ1 ന്റെ നിർമ്മാണം. സൂര്യനെക്കുറിച്ച് പഠിക്കുന്നതിനായി 2019-ൽ ദൗത്യത്തിന് 378 കോടി രൂപ അനുവദിച്ചിരുന്നു.
Comments