ന്യൂഡൽഹി: എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് ഇന്ത്യയെന്നും ആഗോള വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിൽ രാജ്യം സുപ്രധാന പങ്കുവഹിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്യക്ഷമവും വിശ്വസനീയവുമായ ആഗോള വിതരണ ശൃംഖല എന്നതാണ് ഇന്ത്യയുടെ പ്രധാന ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബി20 യോഗത്തിൽ ബിസിനസ് പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യൻ വ്യവസായ രംഗങ്ങൾ അതിരുകൾക്ക് അപ്പുറത്തേക്കാണ് വിജയകരമായി മുന്നേറികൊണ്ടിരിക്കുന്നത്. ഉത്പാദകരുടെയും ഉപഭോക്താക്കളുടെയും താൽപ്പര്യങ്ങൾ ഒരു പോലെ ആയാൽ മാത്രമേ വിപണിയ്ക്ക് നിലനിൽക്കാൻ കഴിയുകയുള്ളു. എല്ലാ വികസ്വര രാജ്യങ്ങൾക്കും വ്യവസായരംഗത്തെ തുല്യ പ്രാധാന്യം നൽകുക എന്നതാണ് രാജ്യത്തിന്റെ ലക്ഷ്യം. ഇന്ത്യ ഇന്ന് ഡിജിറ്റൽ വിപ്ലവത്തിന്റെ മുഖമായാണ് പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘ലോകത്തിലെ ഏറ്റവും വലിയ കാര്യമാണ് പരസ്പര വിശ്വാസം. അത് ഇന്ത്യ ഇതിനോടകം നേടിയെടുത്ത് കഴിഞ്ഞു. സാങ്കേതികവിദ്യയുടെ പുതിയ യുഗത്തെക്കുറിച്ച് (ആർട്ടിഫിക്കൽ ഇന്റലിജൻസ്, ക്രിപ്റ്റോകറൻസി) ബിസിനസ് പ്രതിനിധികൾ ചിന്തിക്കണം. കൊറോണ മഹാമാരി കാലത്ത് 150 ലധികം രാജ്യങ്ങൾക്ക് മരുന്നുകൾ നൽകാനും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു’.
‘ഡൽഹിയിൽ മാത്രം നടത്തിയിരുന്ന യോഗങ്ങളും സമ്മേളനങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഞങ്ങൾ കൊണ്ടുപോയി. രാജ്യത്തെ 60 നഗരങ്ങളിലായി ജി 20 യുമായി ബന്ധപ്പെട്ട് 200 ഓളം യോഗങ്ങൾ സംഘടിപ്പിച്ചു. ജി 20 പ്രതിനിധികളെ ജനങ്ങൾ സ്നേഹപൂർവ്വമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments