കോഴിക്കോട്: ജില്ലാ ഹോമിയോ ആശുപത്രിയിൽ കൊറോണ പ്രതിരോധ സാമഗ്രികൾ വാങ്ങിയതിൽ വീഴ്ചയെന്ന് ഓഡിറ്റ് റിപ്പോർട്ട്. കൊറോണക്കാലം കഴിഞ്ഞിട്ടും 1.86 ലക്ഷം രൂപയ്‌ക്കുളള സാമഗ്രികൾ ആശുപത്രിയിൽ എത്തിയില്ല. കഴിഞ്ഞവർഷം ജനുവരി മാർച്ച് കാലങ്ങളിൽ നടത്തിയ പർച്ചേസിലാണ് വീഴ്ച കണ്ടെത്തിയത്.
ജില്ലാ ഹോമിയോ ആശുപത്രിയിൽ കൊറോണയെ പ്രതിരോധിക്കാനായി 10 ലക്ഷം രൂപയ്‌ക്ക് സാധനങ്ങൾ വാങ്ങാൻ ജില്ലാ പഞ്ചായത്ത് പണം ചെലവാക്കിയിരുന്നു. ഇതിൽ 1.86 ലക്ഷം രൂപയ്‌ക്കുള്ള സാമഗ്രികൾ കൊറോണ കഴിഞ്ഞിട്ടും ആശുപത്രിയിൽ എത്തിയിട്ടില്ലെന്നാണ് സംസ്ഥാന ഓഡിറ്റ് വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
സർജിക്കൽ ഗൗണുകൾ, ഓക്‌സിജൻ സിലിണ്ടറുകൾ, ഇസിജി മെഷീൻ തുടങ്ങിയ സാമഗ്രികൾ കൊറോണ കഴിഞ്ഞിട്ടും ആശുപത്രിയിൽ എത്തിയില്ല. അതോടൊപ്പം സാധനങ്ങൾ ഓർഡർ നൽകിയത് ചട്ടങ്ങൾ ലംഘിച്ചാണെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. ഓർഡർ ചെയ്ത സമയത്തെ ഉയർന്ന വിലയ്‌ക്കാണ് ഉപകരണങ്ങൾ വാങ്ങിയത്. അതിനാൽ തന്നെ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം വേണമെന്ന് ഓഡിറ്റ് വകുപ്പ് വ്യക്തമാക്കുന്നു.















