ന്യൂഡൽഹി: ജമ്മു കശ്മീരിലെ ജനങ്ങളുടെ മൗലികാവകാശങ്ങൾ ഇല്ലാതാക്കുന്നതായിരുന്നു 2019ൽ റദ്ദാക്കപ്പെട്ട ആർട്ടിക്കിൾ 35എ എന്ന് നിരീക്ഷിച്ച് സുപ്രീം കോടതി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ 2019ലെ കേന്ദ്ര സർക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്തുള്ള ഹർജികളിൽ വാദം കേൾക്കുന്നതിന്റെ 11-ാം ദിവസമായിരുന്നു സുപ്രീം കോടതിയുടെ നീരീക്ഷണം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ജമ്മു കശ്മീരിലെ ജനങ്ങൾക്ക് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 35എ, ഇന്ത്യയുടെ മറ്റിടങ്ങളിൽ താമസിക്കുന്നവർക്ക് ലഭിക്കുന്ന് മൗലികാവകാശങ്ങളിൽ മൂന്നെണ്ണം അനുവദിച്ചിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സർക്കാർ ജോലിയിലെ തുല്യത, സ്ഥാവരസ്വത്ത് സമ്പാദിക്കാനുള്ള അവകാശം, റൈറ്റ് ടു സെറ്റിൽമെന്റ് എന്നീ അവകാശങ്ങൾ ആർട്ടിക്കിൾ 35എ നിലനിൽക്കുന്നതിനാൽ ലഭിച്ചിരുന്നില്ല. ആർട്ടിക്കിൾ 35 എയിലൂടെ മൂന്ന് മൗലികാവകാശങ്ങളും നീതിന്യായ അവലോകനത്തിന്റെ അധികാരവും ഇല്ലാതെ പോയെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ (SG) തുഷാർ മേത്തയുടെ വാദം കേൾക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം.
ആർട്ടിക്കിൾ 370-നോടൊപ്പം റദ്ദാക്കിയ ആർട്ടിക്കിൾ 35എ, ജമ്മുകശ്മീരിലെ ‘സ്ഥിരതാമസക്കാരെ’ നിർവചിക്കാനും അവർക്ക് സർക്കാർ തൊഴിൽ, സ്ഥാവര സ്വത്ത്, സെറ്റിൽമെന്റ് എന്നിവയിൽ പ്രത്യേക അവകാശങ്ങൾ നൽകാനും ജമ്മു കശ്മീർ നിയമസഭയെ അധികാരപ്പെടുത്തുന്നതായിരുന്നു. ഇന്ത്യൻ ഭരണഘടനയിൽ ആർട്ടിക്കിൾ 35എ സൃഷ്ടിച്ചത് ജമ്മു കശ്മീരിന് വേണ്ടി മാത്രമായിരുന്നുവെന്നും എസ്ജി വാദിച്ചു. സാഹചര്യ സമ്മർദ്ദം മൂലമായിരുന്നു ആർട്ടിക്കിൾ 370 ഉപയോഗിച്ച് തുടങ്ങിയത്. ഭൂതകാലത്തിൽ സംഭവിച്ച ഒരു തെറ്റ് ഭാവി തലമുറയെ ബാധിക്കരുതെന്നും ചെയ്തുപോയ പിഴവ് 2019ൽ തിരുത്തിയെന്നും എസ്ജി പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനൊപ്പം ആർട്ടിക്കിൾ 35എ നീക്കം ചെയ്തതോടെ കശ്മീരിലെ നിക്ഷേപത്തിനും ടൂറിസത്തിനും വലിയ ഉത്തേജനം ലഭിച്ചതായും എസ്ജി ചൂണ്ടിക്കാട്ടി.
Comments