ഇന്ന് ദേശീയ കായികദിനം. ഹോക്കി മാന്ത്രികൻ മേജർ ധ്യാൻചന്ദിന്റെ ജന്മവാർഷികത്തിന്റെ സ്മരണയ്‌ക്കായാണ് രാജ്യം ദേശീയ കായികദിനം ആഘോഷിക്കുന്നത്. 2012 മുതലാണ് രാജ്യം ദേശീയ കായിക ദിനം ആഘോഷിച്ച് തുടങ്ങുന്നത്. കായികരംഗത്തെ അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത സംഭാവനകളെ മാനിച്ച്, വരും തലമുറകളെ പ്രചോദനമാകുക എന്ന ലക്ഷ്യത്തോടെയാണ് ഭാരത സർക്കാർ 2012-ൽ ധ്യാൻചന്ദിന്റെ ജന്മവാർഷികം ദേശീയ കായിക ദിനമായി പ്രഖ്യാപിക്കുന്നത്.
കായികതാരങ്ങളുടെ സംഭാവനകളും അസാധാരണമായ നേട്ടങ്ങളും സമൂഹത്തെ രൂപപ്പെടുത്തുന്നതിലുള്ള അവരുടെ സ്വാധീനവും അനുസ്മരിക്കാനുള്ള ഈ ദിനം കൂടിയാണ് ഇന്ന്. അസാധാരണമായ നേട്ടങ്ങളിലൂടെ ധ്യാൻചന്ദ് ഹോക്കിലെ ഏറ്റവും ജനപ്രിയമായ പേരുകളിലൊന്നായി മാറി. ഹോക്കിയുടെ ലോകത്തെ ജനങ്ങളിലേക്കെത്തിക്കാൻ ധ്യാൻചന്ദിന്റെ സംഭാവനകൾക്ക് സാധിച്ചു.
1905 ഓഗസ്റ്റ് 29 ന് ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ജനിച്ച അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ നിന്നാണ് തന്റെ ഹോക്കി കരിയർ ആരംഭിച്ചത്. 1926 മുതൽ 1948 വരെയുള്ള സുദീർഘമായി കരിയറായിരുന്നു അദ്ദേഹത്തിന്റേത്. ഇന്ത്യയെ പ്രതിനിധീകരിച്ച് 185 മത്സരങ്ങളിൽ നിന്ന് 400-ലധികം ഗോളുകൾ നേടിയ അദ്ദേഹം എക്കാലത്തെയും മികച്ച ഹോക്കി കളിക്കാരിൽ ഒരാളായിരുന്നു. 1928, 1932, 1936 വർഷങ്ങളിൽ തുടർച്ചയായി മൂന്ന് ഒളിമ്പിക് ഹോക്കി സ്വർണ്ണ മെഡലുകളിലേക്ക് ഇന്ത്യയെ നയിച്ചതിന് പിന്നിലും ഈ ഹോക്കി മാന്ത്രികന്റെ ഹോക്കി സ്റ്റിക്കിന് നിർണായക പങ്കുണ്ട്.
Comments