റാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് നേരെ തുടർച്ചയായി അഴിമതി ആരോപണം. ഖനന കുംഭകോണത്തിന് പിന്നാലെ അനധികൃത ഭൂമി ഇടപാടുകളാണ് ഇഡി കണ്ടെത്തിയത്. ഖനന അഴിമതിക്ക് പിന്നാലെ അനധികൃത ഭൂമി ഇടപാടിലും പങ്കുണ്ടെന്നുള്ള ആരോപണം ശക്തമായതോടെ പ്രതിരോധത്തിലായിരിക്കുകയാണ് ഹേമന്ത് സോറൻ. 100 വർഷം പഴക്കമുള്ള ഭൂമി രേഖകൾ വ്യാജമായി നിർമ്മിച്ച് നടത്തിയ ഇടപാടുകളിൽ സോറൻ ഉൾപ്പെട്ടതായാണ് ആരോപണം.
ഭൂമിയിടപാട് ആരോപണം മുഖ്യമന്ത്രി ഹേമന്ത് സോറന് വലിയ തിരിച്ചടിയാകും. 93 വർഷം പഴക്കമുള്ള ഭൂമിയുടെ രേഖകൾ വ്യാജമായി നിർമിച്ചവയാണെന്നും ഇടപാടിൽ മുതിർന്ന ഉദ്യോഗസ്ഥർക്കും പ്രാദേശിക വ്യവസായികൾക്കും പങ്കുണ്ടെന്നുമാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്. ഭൂമി കുംഭകോണം അന്വേഷിക്കുന്നതിനിടയിൽ ഹേമന്ത് മറ്റ് അനധികൃത സ്വത്തുക്കളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
ഖനന അഴിമതിയുമായി ബന്ധപ്പെട്ട് നാല് തവണയാണ് ഇഡി സോറനെ വിളിച്ചുവരുത്തിയത്. ഒരെണ്ണത്തിൽ മാത്രമാണ് സോറൻ ഇതുവരെ ഹാജരായിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ഒരു ജെഎംഎം എംഎൽഎയും അറസ്റ്റിലായിട്ടുണ്ട്. അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോറൻ സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകിയിരിക്കുകയാണ്. അഴിമതിയിൽ ഇഡി തെളിവുകളുമായി എത്തിയിട്ടും ഇത് കേന്ദ്രത്തിന്റെ നടപടിയാണെന്നാണ് ജെഎംഎമ്മിന്റെ വാദം.
Comments