അമരാവതി: സ്‌കൂൾ സമയത്ത് അദ്ധ്യാപകരും വിദ്യാർത്ഥികളും മൊബൈൽ ഫോൺ ഉപയോഗത്തിൽ കർശന നിയന്ത്രണമേർപ്പെടുത്തി ആന്ധ്രാപ്രദേശ് സർക്കാർ. വിദ്യാഭ്യാസ വകുപ്പിന്റെതാണ് തീരുമാനം. ഇതനുസരിച്ച് ക്ലാസ് സമയങ്ങളിലെ വിദ്യാർത്ഥികൾ ഫോൺ ഉപയോഗിക്കുന്നത് കർശനമായി വിലക്കിയിരിക്കുകയാണ്. അദ്ധ്യാപകർ ക്ലാസിൽ പോകുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്. ക്ലാസെടുക്കാനായി പോകുന്ന സമയത്ത് മൊബൈൽ പ്രധാനാദ്ധ്യാപകന്റെ/പ്രധാനാദ്ധ്യാപികയുടെ ഓഫീസിൽ ഏൽപ്പിക്കണം. ഇക്കാര്യങ്ങളടങ്ങിയ സർക്കുലർ ഉടൻ പുറത്തിറക്കുമെന്നും അധികൃതർ അറിയിച്ചു.
അദ്ധ്യാപകർക്ക് ഒഴിവ് സമയങ്ങളിൽ ഫോൺ ഉപയോഗിക്കാവുന്നതാണ്. എന്നാൽ ക്ലാസ് മുറിയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഫോണിൽ സമയം ചെലവഴിക്കുകയോ ചെയ്യരുത്. കുട്ടികളുടെ പഠനത്തിന് തടസമുണ്ടാകാതിരിക്കാനാണ് മൊബൈൽ ഫോൺ നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് അധികൃതർ പറയുന്നത്.
ക്ലാസ് മുറിയിൽ ഫോൺ ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തെ അദ്ധ്യാപകർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇത് കൃത്യമായി പാലിക്കാതായതോടെയാണ് ഇപ്പോൾ പ്രധാനാദ്ധ്യാപകന്റെ ഓഫിസിൽ ഫോൺ ഏൽപ്പിക്കണമെന്ന നിർദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. പഠനത്തിന്റെ ഭാഗമായി ക്ലാസ് മുറിയിൽ മൊബൈൽ ഉപയോഗിക്കേണ്ടിവരികയാണെങ്കിൽ പ്രധാനദ്ധ്യാപകന്റെ അനുമതിയോടെ വേണം ഫോൺ ഉപയോഗിക്കാൻ. മൊബൈൽ ഫോണുമായി സ്‌കൂളിലെത്തുന്ന വിദ്യാർത്ഥികൾ ഇത് സ്റ്റാഫ് റൂമിൽ ഏൽപ്പിക്കണം. അത്യാവശ്യ സാഹചര്യത്തിൽ ഫോൺ ഉപയോഗിക്കണമെങ്കിൽ പ്രധാനദ്ധ്യാപകന്റെ അനുമതി വാങ്ങണമെന്നുമാണ് നിർദ്ദേശം.
Comments