സാഹോദര്യബന്ധം വിളിച്ചോതുന്ന ഉത്സവമാണ് രക്ഷാബന്ധൻ. സഹോദരന്മാർ തങ്ങളെ സംരക്ഷിക്കുന്നതിന് പകരമായി കൈയ്യിൽ രാഖി കെട്ടികൊടുക്കുന്നതാണ് രക്ഷാബന്ധനിലെ പ്രധാന ചടങ്ങ്. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ആഘോഷമാണ് രക്ഷാബന്ധനിലേത്. വളരെ പരമ്പരാഗതമായ വിശ്വാസങ്ങളും ആചാരങ്ങളും ചേർന്നാണ് രക്ഷാബന്ധൻ ഇന്നും ആഘോഷിക്കുന്നത്.
ഇപ്പോഴിതാ, മുംബൈ സ്വദേശികളായ സഹോദരങ്ങളുടെ സ്നേഹബന്ധത്തെക്കുറിച്ചുള്ള വാർത്തയാണ് പുറത്ത് വരുന്നത്. വൃക്ക തകരാറിലായി അവശനിലയില്‍ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന സഹോദരിക്ക് വൃക്ക ദാനമായി നൽകിയിരിക്കുകയാണ് സ്വന്തം സഹോദരൻ. മുംബൈ സ്വദേശിനി ശീതൾ ഭണ്ഡാരിക്കാണ് സഹോദരൻ ദുഷ്യന്ത് വർക്കർ വൃക്ക ദാനം ചെയ്തിരിക്കുന്നത്.
തങ്ങളുടെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷമായി ഈ സംഭവം നിലനിൽക്കുമെന്നാണ് ഇരുവരും വൃക്ക ദാനത്തെക്കുറിച്ച് മാദ്ധ്യമങ്ങളോട് പറഞ്ഞത്. എല്ലാ സഹോദരിമാർക്കും ഏത് സാഹചര്യത്തിലും അവളെ സഹായിക്കാൻ കഴിയുന്ന ഒരു സഹോദരൻ ഉണ്ടായിരിക്കണം. സഹോദരനും സഹോദരിയും തമ്മിലുള്ള ബന്ധം വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയുന്നതിലും അപ്പുറമാണെന്നും ദുഷ്യന്ത് വർക്കർ പറഞ്ഞു. തന്റെ സഹോദരി 2017 മുതൽ വൃക്കസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇപ്പോഴാണ് എന്റെ വൃക്ക സഹോദരിയ്‌ക്ക് നൽകാൻ കഴിഞ്ഞതെന്നും ദുഷ്യന്ത് വർക്കർ കൂട്ടിച്ചേർത്തു.
Comments