ന്യൂഡൽഹി: സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റെന്ന രീതിയിൽ വ്യാജ വെബ്സൈറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് സുപ്രീംകോടതി രജിസ്ട്രി. വ്യാജ വെബ്‌സൈറ്റിൽ ക്ലിക്ക് ചെയ്ത് വഞ്ചിതരാകരുത് എന്ന മുന്നറിയിപ്പുമായാണ് സുപ്രീം കോടതി രജിസ്ട്രി പൊതു നോട്ടീസ് നൽകിയിരിക്കുന്നത്. വ്യാജ വെബ്‌സൈറ്റിന് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിച്ച് സുപ്രീംകോടതി രജിസ്ട്രാർ (ടെക്‌നോളജി) ഹർഗുർവരിങ് സിംഗ് ജഗ്ഗി പരാതി നൽകി.
http://cbins/scigv.com, https://cbins.scigv.com/offence. എന്നിവയാണ് വ്യാജ വെബ്‌സൈറ്റുകളുടെ URL. ഇവ പൊതുജനങ്ങളിൽ നിന്നും രഹസ്യ വിവരങ്ങൾ ചോർത്തുന്നുവെന്നും സുപ്രീം കോടതി രജിസ്ട്രി വ്യക്തമാക്കി. ഉപയോക്താക്കൾ ആരും തന്നെ വ്യക്തിഗത സ്വകാര്യ വിവരങ്ങൾ കൈമാറരുതെന്നും നിർദ്ദേശമുണ്ട്. ഈ വെബ്‌സൈറ്റിൽ നൽകുന്ന വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്നും നോട്ടീസിൽ പറയുന്നു.
www.sci.gov.in ആണ് സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ് സൈറ്റിന്റെ URL. ഏതാണ് വ്യാജൻ എന്ന് കൃത്യമായി മനസിലാക്കി മാത്രം ലിങ്കിൽ ക്ലിക്ക് ചെയ്യുക. സുപ്രീം കോടതി രജിസ്ട്രി ആരുടെയും വ്യക്തിഗത വിവരങ്ങളോ, സ്വകാര്യ വിവരങ്ങളോ, സാമ്പത്തിക വിവരങ്ങളോ ആവശ്യപ്പെടില്ലെന്നും രജിസ്ട്രി വ്യക്തമാക്കി. ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഉടൻ തന്നെ എല്ലാ ഓൺലൈൻ അക്കൗണ്ടുകളുടെയും പാസ്‌വേർഡുകൾ മാറ്റണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
Comments