പത്തനംതിട്ട: ആറന്മുളയിലെ ചരിത്ര പ്രസിദ്ധമായ ഉതൃട്ടാതി ജലോത്സവം നാളെ. 48 പള്ളിയോടങ്ങളാണ് മത്സരത്തിനിറങ്ങുന്നത്. പമ്പയിലെ ജലനിരപ്പിൽ ആശങ്കയുണ്ടെങ്കിലും ആചാരപ്രകാരം തന്നെ എല്ലാം നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ ചെറിയ തോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ടെങ്കിലും ആവശ്യത്തിന് ജലനിരപ്പിൽ എത്തിയിട്ടില്ല. നാളെ പുലർച്ചയോടെ മണിയാർ ഡാം തുറന്നുവിട്ട് കൂടുതൽ ജലം പമ്പയിലേക്ക് ഒഴുക്കാനാണ് നീക്കം.
മണിയാർ ഡാം തുറക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനം ഇന്ന് വൈകിട്ട് എടുക്കും. 2017-ന് ശേഷം പൂർണ്ണ തോതിൽ വള്ളം കളി നടക്കുന്നു എന്നതാണ് ഇത്തവണത്തെ വള്ളംകളിയുടെ പ്രത്യേകത. ഉച്ചയ്‌ക്ക് ഒരു മണിക്ക് നടക്കുന്ന ജല ഘോഷയാത്രയിലൂടെയാണ് ജലോത്സവത്തിന് തുടക്കം കുറിക്കുന്നത്. ആദ്യം നടക്കുക എ ബാച്ച് പള്ളിയോടങ്ങളുടെ ഹീറ്റ്‌സും സെമി ഫൈനലും നടക്കും. ഇതിന് ശേഷമാകും ബി ബാച്ച് പള്ളിയോടങ്ങളുടെ ഹീറ്റ്‌സും സെമി ഫൈനലുകളും നടക്കുക. രണ്ട് ബാച്ചിലെയും സെമി ഫൈനൽ വിജയികളാകും ഫൈനലിൽ മാറ്റുരയ്‌ക്കുക.
വള്ളം കളിയുമായി ബന്ധപ്പെട്ട് ജില്ലയിൽ 650-ഓളം പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതിന് പുറമേ ആരോഗ്യ വകുപ്പ്, ടൂറിസം, പൊതുമരാമത്ത്, കെഎസ്ഇബി എന്നീ വകുപ്പുകളുടെയും പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ആറന്മുള വള്ള സദ്യയ്‌ക്ക് വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
Comments