ഗൂഗിൾ ക്രോം ബ്രൗസറിൽ പുതിയ ഫീച്ചർ പ്രഖ്യാപിച്ച് ഗൂഗിൾ. യൂട്യൂബ് പോലുള്ള വെബ്സൈറ്റുകളിൽ നിന്നുള്ള വീഡിയോകളിൽ നിന്നും എച്ച്ഡി ക്വാളിറ്റിയുള്ള ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്ന പുതിയ ഫീച്ചറാണ് ഗൂഗിൾ പ്രഖ്യാപിച്ചിരിക്കുന്നത്. വീഡിയോകളുടെ സഹായത്തോട് കൂടി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതിൽ നിന്നും എളുപ്പത്തിൽ സ്ക്രീൻഷോട്ട് എടുക്കുന്നതിന് സഹായിക്കുകയാണ് പുതിയ ഫീച്ചർ ലക്ഷ്യം വെയ്ക്കുന്നത്.
മുമ്പ് ഇത്തരത്തിൽ സ്ക്രീൻഷോട്ട് പകർത്തുന്നതിനായി പ്രിന്റ് സ്ക്രീൻ ബട്ടനോ ഓപ്പെര ബ്രൗസറുകൾ മുഖേന നൽകുന്ന സ്നാപ്ഷോട്ടുകളോ ഉപയോഗിച്ച് മാത്രമാകും ചിത്രങ്ങൾ എടുക്കാൻ സാധിച്ചിരുന്നത്.എന്നാൽ പുതിയ ഫീച്ചർ എത്തുന്നതോടെ ക്രോം ബ്രൗസറിൽ തന്നെ ഇൻബിൽറ്റായി സൗകര്യം ലഭ്യമാകുന്നു. ക്രോമിയം അടിസ്ഥാനമാക്കിയുള്ള മറ്റ് ബ്രൗസറുകളിലും ഈ സേവനം ലഭ്യമാകും.
നിലവിൽ യൂട്യൂബ്, ഗൂഗിൾ ഫോട്ടോസ്, വീഡിയോസ് എന്നിവയിലാണ് ഈ സൗകര്യം ലഭ്യമാകുക. ഈ ഫീച്ചർ ഉപയോഗിക്കുന്നതിനായി ആദ്യം കണ്ടുകൊണ്ടിരിക്കുന്ന വീഡിയോയിൽ ചിത്രം പകർത്തേണ്ട ഭാഗത്തെത്തുമ്പോൾ പോസ് ചെയ്യുക. ഇതിന് ശേഷം റൈറ്റ് ക്ലിക്ക് ചെയ്ത് കോപി വീഡിയോ ഫ്രേം എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇതിലൂടെ ആവശ്യമുള്ള ഭാഗം കോപ്പി ചെയ്യപ്പെട്ടിട്ടുണ്ടാകും. ഇത് ആവശ്യമുള്ള മാറ്റങ്ങൾ വരുത്തി സേവ് ചെയ്യാവുന്നതാണ്.
Comments