മലയാളസിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പാണ് ചന്ദ്രമുഖി. ചിത്രത്തിന്റെ രണ്ടാം ഭാഗം എത്താൻ ഇനി ദിവസങ്ങൾ മാത്രം. ചന്ദ്രമുഖി 2 എന്ന പേരിലെത്തുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കങ്കണയും രാഘവ ലോറൻസുമാണ്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമ്മാണം. സുബാസ്‌കരൻ നിർമിച്ച് പി വാസു സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 15-ന് പ്രദർശനത്തിനെത്തും.
ജീവിതത്തിൽ ആദ്യമായി താൻ അവസരം ചോദിച്ച ചിത്രമാണിതെന്ന് ചെന്നൈയിൽ നടന്ന പ്രീ ലോഞ്ചിംഗ് ചടങ്ങിൽ കങ്കണ റണൗട്ട് പറഞ്ഞിരുന്നു. എന്റെ അഭിനയ ജീവിതത്തിൽ ചന്ദ്രമുഖി 2 പോലെയൊരു ചിത്രം ഞാൻ ചെയ്തിട്ടില്ല. ആരോടും അവസരങ്ങൾ ചോദിച്ചിട്ടില്ല. ആദ്യമായി ഞാൻ അവസരം ചോദിച്ചത് സംവിധായകൻ പി വാസുസാറിനോടാണ്. അദ്ദേഹം സിനിമയിൽ എന്റെ കഥാപാത്രത്തിനൊപ്പം തന്നെ മറ്റെല്ലാ കഥാപാത്രങ്ങൾക്കും തുല്യ പ്രാധാന്യം നൽകി.- കങ്കണ പറഞ്ഞു.
ചന്ദ്രമുഖി 2യിൽ അവസരം ലഭിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് രാഘവ ലോറൻസ് വേദിയിൽ പങ്കുവെച്ചു. വൻതാരനിരയെ ഉപയോഗിച്ച് സിനിമ സംവിധാനം നിർവഹിക്കുന്ന സുബാസ്‌കരൻ സർ എന്നെ വെച്ച് സിനിമ ചെയ്യുന്നു എന്നു പറഞ്ഞപ്പോൾ ആദ്യം തോന്നിയത് അതിശയമായിരുന്നു. കങ്കണ മാഡം ആണ് ചിത്രത്തിൽ നായക വേഷത്തിലെത്തുന്നത് എന്നറിഞ്ഞപ്പോൾ ഞെട്ടലായിരുന്നു. ആദ്യം ചെറിയ പേടിയുണ്ടായിരുന്നുവെങ്കിലും പരിചയപ്പെട്ടതിന് ശേഷം നല്ല സുഹൃത്തുക്കളായി. -രാഘവ ലോറൻസ് പറഞ്ഞു.














