ജോലിക്ക് പോകാനിറങ്ങും മുൻപ് അൽപം പെർഫ്യൂമൊക്ക പൂശി സുഗന്ധപൂരിതമായാകും മിക്ക ആളുകളും ഓഫീസിലെത്തുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലെ (ഐഐഎ) ശാസ്ത്രജ്ഞർക്കും എഞ്ചിനീയർമാർക്കും പെർഫ്യൂമിന് വിലക്കേർപ്പെടുത്തിയിരുന്നു! ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എൽ-1ന് പിന്നിൽ പ്രവർത്തിക്കുന്നവർക്കായിരുന്നു ഈ വിലക്ക്.
ആദിത്യ എൽ-1ന്റെ പ്രധാന പേലോഡായ വിസിബിൾ എമിഷൻ കൊറോണഗ്രാഫ് എന്ന് വി.ഇ.എൽ.സിയുടെ നിർമ്മാണത്തിനിടെ പുറത്തുനിന്നുള്ള കണിക പ്രവേശിച്ചാൽ പ്രവർത്തനങ്ങളെല്ലാം താളം തെറ്റും. അതിനാൽ തികച്ചും അണുവിമുക്തമായ അന്തരീക്ഷത്തിലായിരുന്നു പേടകത്തിന്റെ നിർമ്മാണം. ആശുപത്രികളിലെ ഐസിയുവിനേക്കാൾ ഒരു ലക്ഷം മടങ്ങ് വൃത്തിയുള്ള മുറികളിലും പ്രത്യേകമായി സജ്ജമാക്കിയ ഇടത്തുമായിരുന്നു ഐഐഎ ജീവനക്കാർ പ്രവർത്തിച്ചത്. മലിനീകരണം തടയുന്നതിനായി ഓരോ അംഗത്തിനും ഫ്യൂച്ചറിസ്റ്റിക് പര്യവേഷകർ ധരിക്കുന്നതുപോലുള്ള സ്യൂട്ടുകളാണ് ധരിച്ചിരുന്നത്.
ഉയർന്ന കാര്യക്ഷമതയുള്ള വായു കണികയായ HEPA ഉപയോഗിച്ചുള്ള ഫിൽട്ടറുകളും, അണുവിമുക്തമാകാനായി ഐസോപ്രോപൈൽ ആൽക്കഹോൾ കൂടാതെ കർശനമായ പ്രോട്ടോക്കോളുകൾ എന്നിവ ഉപയോഗിച്ച് വിദേശ കണങ്ങളൊന്നും തടസ്സങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കിയെന്ന് വി.ഇ.എൽ.സി ടെക്‌നിക്കൽ ടീമിന്റെ ഹെഡ് നാഗഭൂഷൺ വ്യക്തമാക്കി. പുറത്തുനിന്നും ഒരൊറ്റ കണിക അകത്ത് കടന്നാൽ ദിവസങ്ങളുടെ കഠിനാധ്വാനം ഇല്ലാതാക്കുമെന്നുള്ളതിനാൽ അതീവ ജാഗ്രതയിലായിരുന്നു സംഘാംഗങ്ങൾ. പ്രത്യേകം നിർമ്മിച്ച കോട്ടിനുള്ളിൽ തുടർച്ചയായി ആറ് മണിക്കൂറോളമാണ് ശാസ്ത്രജ്ഞർ ജോലി ചെയ്തത്.
സൂര്യന്റെ രഹസ്യങ്ങൾ കണ്ടെത്തുന്നതിനാണ് ആദിത്യ എൽ-1 വിക്ഷേപിച്ചിരിക്കുന്നത്. 125 ദിവസങ്ങൾക്ക് ശേഷമാകും പേടകം ഭ്രമണപഥത്തിലെത്തുന്നത്. സൂര്യനെ കുറിച്ചുള്ള പഠനങ്ങൾക്കായി ഏഴ് പേലോഡുകളാണ് ഉപഗ്രഹത്തിലുള്ളത്. 300 കോടി രൂപയാണ് ദൗത്യത്തിനായത്.സൂര്യന്റെ അന്തരീക്ഷം, പരിസ്ഥിതി, അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പഠിക്കുകയും ഗവേഷണം നടത്തുകയുമാണ് ദൗത്യത്തിന്റെ ലക്ഷ്യം.
Comments