ന്യൂ ഡൽഹി: സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന മന്ത്രി ഉദയനിധിയുടെ പ്രസംഗം വിവാദമായതോടെ ഉദയനിധിക്കെതിരെ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ജഡ്ജിമാരും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരുമടക്കം 262 പേര് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു.
ഈ വിഷയത്തിൽ കഴിഞ്ഞ ദിവസം ദൽഹി കോടതിയിലും മുസാഫർപൂർ കോടതിയിലും കേസുകൾ സമർപ്പിക്കപ്പെട്ടിരുന്നു അതിനു പിന്നാലെയാണ് മുൻ ജഡ്ജിമാരും വിരമിച്ച ഐഎഎസുകാരും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെ 262 പേർ ഉദയനിധിയുടെ പ്രസംഗത്തിൽ സ്വമേധയാ കേസെടുക്കണമെന്ന് (സുവോ മോട്ടോ) ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്.
262 പേരുടെ കത്തിൽ സ്റ്റാലിൻ നടത്തിയ പരാമർശങ്ങളിൽ താഴെ ഒപ്പിട്ടവർ അതീവ ഉത്കണ്ഠാകുലരാണെന്നും ഈ പരാമർശങ്ങൾ ഇന്ത്യയിലെ ഒരു വലിയ ജനവിഭാഗത്തിനെതിരെയുള്ള “വിദ്വേഷ പ്രസംഗത്തിന്” തുല്യമാണെന്നും ഇന്ത്യൻ ഭരണഘടനയുടെ കാതൽ തകർക്കുന്നുവെന്നും പറഞ്ഞു. രാജ്യത്തിന്റെ മതേതര സ്വഭാവം സംരക്ഷിക്കാൻ നടപടി വേണമെന്ന് കത്തിൽ പറയുന്നു.
സംസ്ഥാന സർക്കാർ നടപടിയെടുക്കാൻ വിസമ്മതിച്ചെന്നും കോടതിയുടെ ഉത്തരവുകളെ അവഹേളിച്ചുവെന്നും നിയമവാഴ്ചയെ ദുർബലപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തുവെന്നും കത്തിൽ പറയുന്നു.”വളരെ ഗുരുതരമായ വിഷയങ്ങളിൽ” നടപടിയെടുക്കുന്നതിൽ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള ഈ കാലതാമസവും കോടതിയുടെ ഇടപെടൽ ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്.
“ക്രമസമാധാനവും ശാന്തിയും കാത്തുസൂക്ഷിക്കുന്നതിനും വിദ്വേഷ പ്രസംഗങ്ങൾ തടയുന്നതിനും നിർണായക നടപടികൾ കൈക്കൊള്ളുന്നതിൽ തമിഴ്‌നാട് സംസ്ഥാന സർക്കാർ നിഷ്‌ക്രിയമാണ്. ഈ വിഷയത്തിൽ ഇടപെടൽ ഉറപ്പാക്കി, കോടതി അലക്ഷ്യത്തിനു സ്വമേധയാകേസ് എടുക്കാനും ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഉടനടി ഉചിതമായ നടപടികൾ കൈക്കൊള്ളുക.”
“ഞങ്ങളുടെ അഭ്യർത്ഥന ശ്രദ്ധാപൂർവ്വം പരിഗണിക്കുമെന്ന് ഞങ്ങൾ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു, നീതിയും നിയമവാഴ്ചയും നിലനിൽക്കുമെന്ന് ഉറപ്പാക്കാൻ ഉടനടി നടപടികൾ സ്വീകരിക്കാൻ അഭ്യർത്ഥിക്കുന്നു,”
കത്ത് ഇങ്ങിനെ അവസാനിപ്പിക്കുന്നു.
ആവശ്യം ചീഫ് ജസ്റ്റിസ് അംഗീകരിച്ചാൽ ഉടൻ വാദം കേൾക്കുമെന്നാണ് കരുതുന്നത്.
Comments