തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫൈനൽ മത്സരം പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ലെന്നും സർക്കാർ വ്യക്തമാക്കി.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ലോകകപ്പ് ഫൈനലിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും അവധി നൽകണമെന്ന ആവശ്യം കഴിഞ്ഞ ദിവസങ്ങളിലായി വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു.
തിങ്കളാഴ്ച പുലർച്ചെ 12.30-നാണ് അർജന്റീനയും സ്പെയിനും തമ്മിലുള്ള ലോകകപ്പ് ഫൈനൽ ആരംഭിക്കുന്നത്. നിശ്ചിത സമയത്ത് മത്സരം അവസാനിച്ചാൽ പോലും പുലർച്ചെ 2.30 വരെ നീളും. സമ്മാനദാനച്ചടങ്ങ് കൂടി കഴിയുമ്പോൾ സമയം പുലർച്ചെ മൂന്നോടടുക്കും. എക്സ്ട്രാ ടൈമിലേക്കോ പെനാൽറ്റി ഷൂട്ടൗട്ടിലേക്കോ മത്സരം നീണ്ടാൽ അതിലും വൈകിയാണ് അവസാനിക്കുക. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.















