കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് പീഡനക്കേസിൽ നീതി നിഷേധം ആരോപിച്ച് അതിജീവിത. സിറ്റി പോലീസ് കമ്മീഷണറെ കണ്ട് പരാതി നൽകി. മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റ് പ്രതിക്കനുകൂലമായി നിലപാട് സ്വീകരിക്കുന്നു എന്നാണ് അതിജീവിതയുടെ ആരോപണം. നീതി നിഷേധം തുടർന്നാൽ സമരമല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും അതിജീവിത മാദ്ധ്യമങ്ങളോട് പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്നും പീഡനത്തിനിരയായ സംഭവത്തിൽ പ്രതിക്ക് അനുകൂലമായ മൊഴിയാണ് ഗൈനക്കോളജിസ്റ്റായ ഡോ. പ്രീതി നൽകിയതെന്നാണ് അതിജീവിതയുടെ ആരോപണം. കൂടാതെ താൻ പീഡിപ്പിക്കപ്പെട്ട ശേഷം ശാസ്ത്രീയ പരിശോധന നടത്താൻ ഗൈനക്കോളജിസ്റ്റ് തയ്യാറായില്ല. തന്റെ ശരീരത്തിൽ മുറിവിന്റെ പാടുകൾ ഇല്ലായിരുന്നെന്ന് ഗൈനക്കോളജിസ്റ്റ് കള്ളം പറയുകയാണ്. ഇത് പ്രതി ശശീന്ദ്രനെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് അതിജീവിത സിറ്റി പോലീസ് കമ്മീഷണറോട് പറഞ്ഞു.
അതിജീവിത പരാതി നൽകിയതിന് പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജ് എസിപി സുദർശനനോട് കമ്മീഷണർ രാജ്പാൽ മീണ റിപ്പോർട്ട് തേടി. വ്യാഴാഴ്ച രാവിലെ 11-ന് എസിപി അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും. അതേസമയം ഗൈനക്കോളജിസ്റ്റിനെതിരായ ആരോപണത്തിൽ ഡിഎംഒ തേടിയ റിപ്പോർട്ടിന്റെ വിശാദാംശങ്ങൾ ലഭിച്ചശേഷം സമരരംഗത്തേക്ക് ഇറങ്ങുന്നത് സംബന്ധിച്ച് തീരുമാനം കൈകൊള്ളുമെന്ന് അതിജീവിത വ്യക്തമാക്കി.
Comments