പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അമിത ഭാരം. ആരോഗ്യത്തെ പൂർണമായും ബാധിക്കുന്നതിനാൽ പ്രായത്തിനും ഉയരത്തിനുമനുസരിച്ച് ഭാരം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ശരീരഭാരം കുറയ്‌ക്കുക എന്നത് പലർക്കും വെല്ലുവിളി നിറഞ്ഞ ഒരു പ്രക്രിയയാണ്. ദിനചര്യയിൽ തന്നെ വലിയ മാറ്റങ്ങൾ നമുക്ക് വരുത്തേണ്ടി വരും. അമിത ഭാരം കുറയ്‌ക്കാനായി ധാരാളം വഴികളുണ്ട്. വർക്ക്ഔട്ട്, ഓട്ടം, നടത്തം, ഭക്ഷണ നിയന്ത്രണം അങ്ങനെ എത് വഴികൾ സ്വീകരിച്ചാലും ഉറങ്ങുന്നതിന് മുമ്പ് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ശരീരത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ നിയന്ത്രിക്കാൻ ഉറങ്ങുന്നതിന് മുമ്പ് ചെയ്യേണ്ടത് എന്തെല്ലാമാണെന്ന് നോക്കാം…
വൈകുന്നേരങ്ങളിലെ വ്യായാമം
വൈകുന്നേരങ്ങളിൽ ചെറിയ രീതിയിലുള്ള വ്യായാമമോ യോഗയോ ചെയ്യുന്നത് രാത്രിയിൽ ശാന്തമായ രീതിയിൽ ഉറങ്ങുന്നതിന് സഹായിക്കും. ഇത് കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നതിന് പുറമേ മാനസിക സമ്മർദ്ദം കുറയ്‌ക്കുന്നതിന് സഹായിക്കുന്നു.
ധാരാളം വെള്ളം കുടിക്കുക
ശരീരത്തിലെ ജലാംശം നിലനിർത്തുന്നത് ശരീരഭാരം കുറയ്‌ക്കുന്നതിനുള്ള പ്രധാന മാർഗ്ഗമാണ്. ഇലക്ട്രോലൈറ്റിന്റെ അളവ് സന്തുലിതമാക്കുന്നതിനും മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും ധാരാളം വെള്ളം കുടിക്കണം. വെള്ളം ഇടയ്‌ക്കിടയ്‌ക്ക് കുടിക്കുന്നതിലൂടെ വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു.
അത്താഴം നേരത്തെ തന്നെ കഴിക്കുക
അത്താഴം നേരത്തെ കഴിക്കുക എന്നത് വളരെ പ്രധാനമാണ്. ഭക്ഷണം ദഹിക്കാനും പോഷകങ്ങൾ കൃത്യമായി ശരീരത്തിന് ലഭിക്കാനും അത്താഴം നേരത്തെ കഴിക്കുന്നത് സഹായിക്കും. ഉറങ്ങുന്നതിന് മുമ്പ് ദഹനപ്രക്രിയ പൂർണമാകുന്നതിനായി സമയം നൽകണം. ഇത് ആരോഗ്യം സംരക്ഷിക്കും.
ഭക്ഷണം ചെറിയ അളവിൽ മാത്രം കഴിക്കുക
കഠിനമായി ജോലി ചെയ്തതിന് ശേഷം അമിത തോതിൽ ഭക്ഷണം കഴിക്കുന്നത് മിക്കവരുടെയും ശീലമാണ്. അവശ്യപോഷകങ്ങൾ സന്തുലിതമായ അളവിൽ അടങ്ങിയ ഭക്ഷണം രാത്രിയിൽ കഴിക്കാൻ ശ്രമിക്കുക. രാവിലെ വരെയുള്ള വിശപ്പിനെ ശമിപ്പിക്കാനാകുന്ന ഭക്ഷണമാണ് കഴിക്കുന്നതെന്ന് ഉറപ്പു വരുത്തുക.
സ്‌ക്രീൻ സമയം കുറക്കുക
ഭക്ഷണ ശേഷം ഉറങ്ങാൻ കിടന്നു കഴിയുമ്പോൾ കിടക്കയിൽ കിടന്ന് മണിക്കൂറുകളോളം ഫോണിൽ കളിക്കുന്നവരാണ് നമ്മളിൽ പലരും. ഇത് സ്‌ക്രീനിൽ നിന്ന് പുറപ്പെടുന്ന നീല വെളിച്ചം മെലറ്റോണിൻ പോലെയുള്ള ഹോർമോണുകളെ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇവ ഉറക്കത്തെ കൂടുതൽ തടസ്സപ്പെടുത്തുന്നതിന് കാരണമാകുന്നു. ഉറങ്ങുന്നതിന് 45 മിനിറ്റ് മുമ്പെങ്കിലും ഫോണോ ലാപ്‌ടോപ്പോ ഉപയോഗിക്കുന്നവരാണെങ്കിൽ ഒഴിവാക്കുന്നതാണ് നല്ലത്. ഉറങ്ങുന്നതിന് മുമ്പായി 10 മിനിറ്റ് ഏകാഗ്രമായി ഇരിക്കുന്നതും പുസ്തകം വായിക്കുന്നതുമെല്ലാം വളരെ നല്ലതാണ്.
അർദ്ധരാത്രിയിൽ ഇടയ്‌ക്കിടെയുള്ള ലഘുഭക്ഷണം ഒഴിവാക്കുക
രാത്രിയിൽ ഒന്നുറങ്ങി എഴുന്നേൽക്കുമ്പോഴെ എന്തെങ്കിലും കഴിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ ശീലം ഒഴിവാക്കണം. ഇത് ശരീരഭാരം കുറയ്‌ക്കുന്നതിനെ പ്രതികൂലമായി ബാധിച്ചേക്കാം. എന്തെങ്കിലും കഴിക്കണമെന്ന് നിർബന്ധമാണെങ്കിൽ ഒരു പിടി അണ്ടിപ്പരിപ്പോ പഴങ്ങളോ കഴിക്കുക. കലോറിയും ഉയർന്ന പഞ്ചസാരയും അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.
നന്നായി ഉറങ്ങുക
ശരീരഭാരം കുറയ്‌ക്കുന്നതിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ഉറങ്ങുക എന്നത്. ഒരു ദിവസം ഉണ്ടാകുന്ന സമ്മർദ്ദങ്ങളിൽ നിന്നും ശരീരം വിശ്രമിക്കുന്ന സമയം കൂടിയാണിത്. ഹോർമോൺ പ്രവർത്തനം, മെറ്റബോളിസം, ദഹനം എന്നിവ ശരിയായ രീതിയിൽ നടക്കുന്നതിന് ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങേണ്ടത് നിർബന്ധമാണ്.
Comments