കൊച്ചി: പുതുപ്പള്ളി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു. ആക്രമണത്തിൽ കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോൺസനാണ് വെട്ടേറ്റത്. സിപിഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ദേവസിയാണ് ആക്രമിച്ചതെന്ന് ജോൺസൺ പറഞ്ഞു. തലയ്ക്ക് ഗുരുതരപരിക്കേറ്റ ജോൺസൺ നിലവിൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ദേവസിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
പുതുപ്പള്ളിയിലെ ഭൂരിപക്ഷവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം തർക്കം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെ പൊതിയക്കരയിൽ വെച്ചാണ് ബൈക്കിലെത്തിയ മൂന്നംഗസംഘം ജോൺസണെ ആക്രമിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
Comments