സംഖ്യാശാസ്ത്രം അനുസരിച്ച് ഭാഗ്യം തരുന്ന പേരല്ലെങ്കിൽ ആവശ്യമായ മാറ്റം വരുത്തുന്നത് ഉചിതമാണെന്ന് നിരവധി പേർ അഭിപ്രായപ്പെടാറുണ്ട്. സിനിമയിലെത്തിയതോടെ പേര് മാറ്റുകയും ഭാഗ്യം വന്ന് ചേരുകയും ചെയ്തിട്ടുള്ള നിരവധി താരങ്ങളാണുള്ളത്. പേര് മാറ്റിയതോടെ ഭാഗ്യം തെളിഞ്ഞൊരു നടിയാണ് ജയിലറിൽ രജനികാന്തിന്റെ മരുമകളായി അഭിനയിച്ച മിർണ മേനോൻ. അതിനുള്ള സാഹചര്യം കൂടെ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് നടി.
തമിഴിലൂടെയായിരുന്നു മിർണ അഭിനയ ജീവിതത്തിൽ ചുവടുവെക്കുന്നത്. സിനിമയിലെത്തിയപ്പോൾ മിർണ ആദ്യം സ്വീകരിച്ച പേര് അതിഥി എന്നതായിരുന്നു. തമിഴിൽ രണ്ട് സിനിമകൾക്ക് ശേഷം മിർണ മലയാള സിനിമയിലേക്കും എത്തി. മോഹൻലാൽ നായകനായ ബിഗ് ബ്രദറിലേക്ക് സെലക്ടായ ശേഷം സിദ്ദിഖാണ് പേര് മാറ്റാൻ നിർദേശിച്ചതെന്നും അതിന് ശേഷം എമ്മിൽ തുടങ്ങുന്ന പേര് കണ്ടുപിടിക്കാൻ നിർദേശിച്ചത് നടൻ ദിലീപാണെന്നുമാണ് നടി പറഞ്ഞിരിക്കുന്നത്. ഒരു അഭിമുഖത്തിനിടയിലായിരുന്നു മിർണ ഇക്കാര്യം തുറന്ന് പറഞ്ഞത്.
‘എന്റെ ആന്റിക്കൊപ്പം സിദ്ദിഖ് സാറിനെ കാണാൻ പോയതായിരുന്നു ഞാൻ അവിടെ വെച്ചുണ്ടായ പരിചയത്തിലൂടെയാണ് ബിഗ് ബ്രദറിലേക്ക് ക്ഷണം വരുന്നത്. മലയാളത്തിൽ അതിഥി എന്ന പേരിൽ നിരവധി നടിമാരുണ്ടെന്നും അതുകൊണ്ട് തന്നെ പുതിയ പേര് കണ്ടുപിടിക്കാനും സിദ്ദിഖ് സാർ നിർദേശിച്ചു. ഇക്കാര്യം ദിലീപേട്ടനോട് പറഞ്ഞപ്പോൾ അദ്ദേഹമാണ് എമ്മിൽ തുടങ്ങുന്ന പേര് കണ്ടുപിടിക്കാൻ പറഞ്ഞത്.
നീ ‘എ’ എന്ന ലെറ്ററിൽ തുടങ്ങുന്ന പേര് വെച്ചാൽ ശരിയാവില്ല. എമ്മിൽ തുടങ്ങുന്ന പേര് വെക്കാൻ അദ്ദേഹം പറഞ്ഞു. അങ്ങനെ കുറച്ച് പേര് കണ്ടുപിടിച്ചു. അതിൽ മിർണ എന്ന പേര് എന്റെ സുഹൃത്ത് സജസ്റ്റ് ചെയ്തതാണ്. എല്ലാവർക്കും ഈ പേര് ഇഷ്ടപ്പെടുകയും ചെയ്തു. എമ്മിൽ തുടങ്ങുന്ന പേര് വെച്ച അടുത്ത ദിവസം ഞാൻ ബിഗ് ബ്രദർ സിനിമ സൈൻ ചെയ്തു. പേര് മാറ്റിയാല്‍ നിനക്ക് ഉയര്‍ച്ചയുണ്ടാകുമെന്നും രക്ഷപ്പെടുമെന്നും അന്ന് ദിലീപേട്ടന്‍ പറഞ്ഞിരുന്നു-‘ മിര്‍ണ പറഞ്ഞു.
Comments