രാജ്കോട്ട് : 90 വർഷം പഴക്കമുള്ള രാജ്‌കോട്ടിലെ വിമാനത്താവളം ചരിത്രമായി മാറുന്നു . ഇന്ന് രാത്രി 8 മണിക്ക് ഡൽഹിയിലേക്കുള്ള അവസാന വിമാനം പുറപ്പെട്ടതിന് ശേഷമാണ് ഈ വിമാനത്താവളം അടച്ചത്. . ഹീരാസറിൽ പുതുതായി നിർമ്മിച്ച അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ച രാവിലെ എട്ട് മുതൽ വിമാനങ്ങൾ പുറപ്പെടും. ഇതിനായി എംപിമാരുടെയും എംഎൽഎമാരുടെയും സാന്നിധ്യത്തിൽ ഗംഭീരമായ ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. ആദ്യ വിമാനത്തെ ജലപീരങ്കി ഉപയോഗിച്ച് സ്വാഗതം ചെയ്യും.
പ്രധാനമന്ത്രിയുടെ ഉദ്ഘാടനം നിർവ്വഹിച്ച ശേഷം, പഴയ വിമാനത്താവളത്തിൽ നിന്ന് പുതിയ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് ഓഫിസ് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ബാക്കിയുള്ള ജോലികൾ പൂർത്തിയാക്കാനാണ് നാളത്തേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയത് . വിമാനത്താവളം മാറ്റിസ്ഥാപിക്കുന്നതിനായി ജീവനക്കാർ ഉൾപ്പെടെ ആവശ്യമായ എല്ലാം രാജ്‌കോട്ട് വിമാനത്താവളത്തിൽ നിന്ന് നീക്കിയിട്ടുണ്ട്. ഡൽഹി എയർപോർട്ട് അതോറിറ്റിയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ 10 ഞായറാഴ്ച മുതൽ പുതിയ വിമാനത്താവളം പ്രവർത്തനക്ഷമമാക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിവരികയാണ്.
രാജ്‌കോട്ടിലെ പഴയ വിമാനത്താവളം രാജ്‌കോട്ട് സിവിൽ എയർപോർട്ട് എന്നാണ് അറിയപ്പെടുന്നത്. നഗരത്തിന്റെ പൈതൃകത്തിന്റെ ഭാഗമായി ഏകദേശം 90 വർഷമായി ഈ വിമാനത്താവളം പ്രവർത്തിക്കുന്നു. ബ്രിട്ടീഷ് കാലത്ത് സ്ഥാപിതമായ ഈ വിമാനത്താവളം 1934 ലാണ് ആരംഭിച്ചത്. അതിനുശേഷം സൗരാഷ്‌ട്രയുടെ വർദ്ധിച്ചുവരുന്ന വ്യോമയാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിമാനത്താവളം തുടർച്ചയായി വികസിപ്പിക്കുകയും ചെയ്തു. 1934-ൽ രാജ്‌കോട്ട് മഹാരാജാവാണ് ഈ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. വിപുലീകരിച്ച ശേഷം ഉദ്ഘാടനം ചെയ്തത് സർദാർ വല്ലഭായ് പട്ടേലാണ് .
Comments