ചന്ദ്രയാൻ-3യുടെ വിജയത്തിന് പിന്നാലെ ഐഎസ്ആർഒയുടെ സ്വപ്‌ന പദ്ധതിയായ ഗഗൻയാനുവേണ്ടിയുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കിയതായി മിധാനി. രാജ്യത്തിന്റെ അഭിമാന ദൗത്യങ്ങൾക്കായുള്ള ഉരുക്കുകളും ലോഹസങ്കരങ്ങളും നിർമ്മിക്കുന്നതിൽ വൈദഗ്ധ്യമുള്ള പൊതുമേഖലാ സ്ഥാപനമാണ് മിശ്ര ധാതു നിഗം ലിമിറ്റഡ് അഥവാ മിധാനി. ഐഎസ്ആർഒയ്‌ക്ക് ആവശ്യമായ വിക്ഷേപണ വാഹനം നിർമിക്കുന്നതിൽ സുപ്രധാന സാമഗ്രികൾ വിതരണം ചെയ്യുന്നത് മിധാനിയാണ്.
ചന്ദ്രയാൻ-3യുടെ നിർമ്മാണ ഘട്ടങ്ങളിലും സ്ഥാപനം സുപ്രധാന പങ്കു വഹിച്ചിരുന്നു. ഇപ്പോഴിതാ അടുത്ത ദൗത്യമായ ഗഗൻയാന് വേണ്ടിയും ആവശ്യമായ സാധനങ്ങൾ സജ്ജീകരിച്ചിരിക്കുകയാണ്. ദൗത്യത്തിന് ആവശ്യമായ എഞ്ചിൻ, മോട്ടറുകൾ, ലാൻഡർ, ചന്ദ്രനിലെ റോവർ എന്നിവയുടെ നിർമ്മാണത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
അഞ്ച് വിക്ഷേപണങ്ങൾക്ക് ആവശ്യമായ റോക്കറ്റുകൾ സജ്ജമാക്കിയത് ഇവിടെ നിന്നാണ്. കൂടാതെ ഗഗൻയാൻ ദൗത്യത്തിന് ആവശ്യമായ റോക്കറ്റുകളും എഞ്ചിനുകളും ക്രൂ മൊഡ്യൂളുകളും ഉൾപ്പെടെ എല്ലാ പ്രോജക്ട് സെറ്റുകളും ഇതിനോടകം തന്നെ കൈമാറി. ഹൈദരാബാദ് ആസ്ഥാനമായാണ് മിധാനി പ്രവർത്തിക്കുന്നത്. വികസിത രാജ്യങ്ങൾ ഇന്ത്യയിലേക്ക് ആവശ്യ സാധനങ്ങൾ എത്തിക്കാൻ വിസമ്മതം കാണിച്ചപ്പോൾ മിധാനി മുന്നിട്ടിറങ്ങുകയായിരുന്നു.
Comments