ചെന്നൈ: സിനിമ-നാടക നടൻ വി. പരമേശ്വരൻ നായർ (85) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശ്ശൂർ വടക്കാഞ്ചേരി മുണ്ടത്തിക്കോട് സ്വദേശിയായ രമേശ്വരൻ നായർ അഞ്ചുപതിറ്റാണ്ടിലധികമായി ചെന്നൈയിൽ സ്ഥിരതാമസക്കാരനാണ്.
സൈനികനായാണ് ജോലി ആരംഭിക്കുന്നത്. പിന്നീട് 1968 മുതൽ 1991 വരെ കേന്ദ്രസർക്കാർ സ്ഥാപനമായ ഐ.ഡി.പി.എല്ലിലെ ജിവനക്കാരനായി. വിരമിച്ചതിന് ശേഷം നാടകപ്രവർത്തനം, മലയാളിസംഘടനാ പ്രവർത്തനം, രാഷ്ട്രീയപ്രവർത്തനം തുടങ്ങി പൊതു പ്രവർത്തന രംഗത്ത് സജീവമായി. മദിരാശി കേരളസമാജം ഉൾപ്പെടെ ഒട്ടേറെ സംഘടനകളിൽ പ്രവർത്തിക്കുകയും ഉപദേശകനാവുകയും ചെയ്തിരുന്നു. സിനിമ, സീരിയൽ, നാടകം, പരസ്യചിത്രം എന്നിവയിൽ അഭിനയിച്ചു. സന്തോഷ് ശിവന്റെ ‘അനന്തഭദ്രം’ എന്ന ചിത്രത്തിലെ വെളിച്ചപ്പാടിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. സന്തോഷ് ശിവന്റെ ഇംഗ്ലീഷ് ചിത്രത്തിലും പ്രധാനവേഷം ചെയ്തിരുന്നു.
സംഘമിത്ര എന്ന നാടകസംഘം തുടങ്ങിയപ്പോൾ മുൻനിരയിലുണ്ടായത് പരമേശ്വരൻ നായരായിരുന്നു. കേരള സംഗീതനാടക അക്കാദമിയുടെ പ്രഥമഗുരുപൂജ പുരസ്കാരം, ‘നഷ്ടവർണങ്ങൾ’ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് ടാറ്റ ധൻ ഫൗണ്ടേഷന്റെ മികച്ച അഭിനേതാവിനുളള പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. നന്ദംപാക്കം ട്രേഡ് സെന്ററിനടുത്തുള്ള വുഡ് ക്രീക്ക് കൊൺടിയിലെ വീട്ടിൽ അന്ത്യകർമങ്ങൾക്കുശേഷം ഇന്ന് വൈകീട്ട് അഞ്ചിന് നന്ദംപാക്കം ശ്മശാനത്തിൽ സംസ്കാരം നടക്കും. രാജലക്ഷ്മിയാണ് ഭാര്യ. മക്കൾ: ധനഞ്ജയൻ, സംഘമിത്ര, ഐശ്വര്യ. മരുമകൻ: കപിലൻ.
Comments