എറണാകുളം: കൊച്ചിയിൽ കേബിൾ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കറുകപ്പിള്ളി സ്വദേശി മുഹമ്മദ് ഇർഫാൻ ആണ് അപകടത്തിൽപെട്ടത്. ഇരുപതുകാരന്റെ നട്ടെല്ലിനും കാൽ മുട്ടിനും ഗുരുതര പരിക്കേറ്റു. എറണാകുളം കോമ്പാറ മാർക്കറ്റിൽ റോഡിലാണ് അപകടം. ഇറച്ചി വിൽപ്പനക്കാരനായ ഇർഫാൻ ഹോട്ടലുകളിലേക്കുള്ള ഇറച്ചി വിതരണം ചെയ്ത് തിരിച്ചു വരുമ്പോഴായിരുന്നു അപകടത്തിൽ പെടുന്നത്.
മുമ്പേ പോയ കോൺക്രീറ്റ് മിക്സ്ചർ ലോറിയിൽ തട്ടി കേബിൾ റോഡിലേക്ക് താഴ്ന്ന് കിടക്കുകയായിരുന്നു.പിന്നാലെ വന്ന ഇർഫാന്റെ കഴുത്തിൽ കേബിൾ കുരുങ്ങുകയും റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. തലയിലുണ്ടായിരുന്ന ഹെൽമെറ്റും തെറിച്ചുപോയി. നാട്ടുകാർ ചേർന്ന് ഇരുപതുകാരനെ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ ഐസിയുവിൽ ചികിത്സയിലാണ് ഇർഫാൻ. സംഭവത്തെ തുടർന്ന് കേബിൾ സേവന ദാദാവിനെതിരെ കേസെടുത്തെന്നും കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ വർഷം ജൂലൈ 2-നാണ് എറണാകുളം ചെമ്പുമുക്കിൽ താഴ്ന്നു കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി ഫോർട്ട് കൊച്ചി സ്വദേശിയായ അലൻ ആൽബർട്ട് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് അലൻ (25) ചെമ്പുമുക്കിൽ അപകടത്തിൽപെട്ടത്. മുന്നിലുണ്ടായിരുന്ന വാഹനത്തിൽ കുരുങ്ങിയ കേബിൾ താഴ്ന്നപ്പോൾ അതുവഴി സ്‌കൂട്ടറിൽ വന്ന അലന്റെ കഴുത്തിൽ വരിഞ്ഞു മുറുകുകയായിരുന്നു. സമീപ കാലത്ത് ഇത്തരത്തിൽ 13 അപകടങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ട്. ഇതിൽ രണ്ടു പേർക്ക് ജീവൻ നഷ്ടമായി. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു.
Comments