ഇന്ത്യയുടെ പണിപ്പുരയിൽ നിർമ്മിച്ച ആപ്പിൾ ഐഫോൺ 15 പ്രോ മാക്‌സ് വിപണിയിൽ. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് മോഡലുകളാണ് അവതരിപ്പിച്ചത്. ആപ്പിൾ വാച്ചിന്റെ സീരിസ് 9-ഉം വിപണി കീഴടക്കാനെത്തുന്നുണ്ട്.
ഐഫോൺ 15-ൽ 48 എംപി പ്രധാന ക്യാമറയും 2X ടെലിഫോട്ടോ ഫീച്ചറും അടങ്ങുന്ന മെച്ചപ്പെട്ട ക്യാമറ സംവിധാനവും യുഎസ്ബി ടൈപ്പ് സി ചാർജർ സൗകര്യവുമാണ് ഈ സീരിസിലെ ഫോണുകളുടെ പ്രത്യേകത. ഐഫോൺ 15 6.1 ഇഞ്ച് ഡിസ്‌പ്ലേയും 15 പ്ലസ് ഫോണിൽ 6.7 ഇഞ്ച് ഡിസ്‌പ്ലേയുമാണ് നൽകിയിരിക്കുന്നത്. എ16 ബയോണിക് ചിപ്പ് ആണ് ഫോണുകളിൽ ഉപയോഗിച്ചിട്ടുള്ളത്. പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് നിറങ്ങളിലാണ് ഫോൺ വിപണിയിലെത്തുക. ടൈപ്പ് സി ചാർജിംഗ് സംവിധാനമാണ് ഐഫോണുകളുടെ വ,ലിയ പ്രത്യേകത. ഐഫോൺ 15-ന് 79900 രൂപയും, 15 പ്ലസിന് 89900 രൂപയും ആണ് വില ആരംഭിക്കുന്നത്. 128 ജിബി, 256 ജിബി, 512 ജിബി ഓപ്ഷനുകൾ വിൽപനയ്‌ക്കെത്തും. സെപ്റ്റംബർ 15 മുതൽ ഫോണുകൾ ഓർഡർ ചെയ്യാം. സെപ്റ്റംബർ 22 മുതലാണ് വിതരണം.
ഭാരം കുറഞ്ഞ രൂപകൽപ്പനയാണ് ഐഫോൺ പ്രോ മോഡലുകൾ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ എ17 പ്രോ പ്രൊസസർ ചിപ്പാണ് ഈ രണ്ട് പ്രീമിയം മോഡലുകളിലും ഉപയോഗിച്ചത്. 48 എംപി പ്രധാന ക്യാമറയായി എത്തുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് പ്രോ മോഡലുകളിൽ അവതരിപ്പിച്ചിരിക്കുന്നത്. 5X ടെലിഫോട്ടോ സൗകര്യമാണ് ഇതിൽ നൽകിയിരിക്കുന്നത്. ഡിഫോൾട്ടായി 24 എംപി സൂപ്പർ എച്ചഡി ചിത്രങ്ങൾ പകർത്താനുള്ള ശേഷി പ്രോ മോഡലുകൾക്കുണ്ട്. എ 17 പ്രൊസസർ ചിപ്പിന്റെ പിൻബലത്തിൽ മികച്ച ഗെയിമിംഗ് ശേഷിയും ഫോൺ വാഗ്ദാനം ചെയ്യുന്നു.
ആദ്യമായാണ് ടൈറ്റേനിയം ഫ്രെയിമിൽ ഐഫോണുകൾ എത്തുന്നത്. കട്ടിയുള്ള ഗ്ലാസ് ബാക്കും സെറാമിക് ഷീൽഡ് പ്രൊട്ടക്ഷനും പ്രോ മോഡലുകളിലുണ്ട്. ബ്ലാക്ക് ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം, ബ്ലൂ ടൈറ്റാനിയം, നാച്ചുറൽ ടൈറ്റാനിയം എന്നീ വേരിയന്റുകളാണ് ഫോണുകൾക്കുള്ളത്. ഐഫോൺ 15 പ്രോയുടെ വില ആരംഭിക്കുന്നത് 134900 രൂപയിലാണ് 128 ജിബി, 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് ഓപ്ഷനുകൾ ലഭിക്കും. ഐഫോൺ 15 പ്രോ മാക്സിന് 159900 രൂപയാണ് വില. ഇതിന് 256 ജിബി, 512 ജിബി, 1 ടിബി ഓപ്ഷനുകളാണ് ഉണ്ടാവുക.















