ധ്യാന്‍ ശ്രീനിവാസന് നായകനായെത്തിയ പുതിയ ചിത്രമാണ് ‘നദികളിൽ സുന്ദരി യമുന’. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാന്‍ അവശതയിലും എത്തിയ ശ്രീനിവാസന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. കഴിഞ്ഞ ദിവസം ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമായിരുന്നു ഷോ കാണാൻ ശ്രീനിവാസന് എത്തിയത്.
അസുഖ ബാധിതനായതിനെ തുടർന്ന് സിനിമയിൽ നിന്നും മറ്റ് പൊതു പരിപാടികളിൽ നിന്നും മാറി നിൽക്കുകയായിരുന്നു താരം. തിയേറ്ററില്‍ പകുതി വരെ വീല്‍ചെയറില്‍ വന്ന അദ്ദേഹം പിന്നീട് ഭാര്യയുടെ കൈ പിടിച്ച് അകത്തേക്ക് പോകുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
നവാഗതനായ ജയലാല്‍ ദിവാകരന് സംവിധാനം ചെയ്ത ‘കുറുക്കന്’ എന്ന ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം ശ്രീനിവാസൽ സിനിമയിലെത്തിയിരുന്നു. താരത്തിനൊപ്പം മകന് വിനീതും പ്രധാന കഥാപാത്രമായി ചിത്രത്തില്‍ അഭിനയിച്ചു. രണ്ട് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു കുറുക്കന്റെ റിലീസ്.
ധ്യാനിന്റെ ‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രം സിനിമാറ്റിക്ക ഫിലിംസ് എല്‍എല്‍പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവരാണ്. കണ്ണൂരിലെ നാട്ടിന്പുറങ്ങളാണ് കഥാപശ്ചാത്തലം. അവിടുത്തെ സാധാരണക്കാരായ മനുഷ്യരുടെയും, അവര്‍ക്കിടയിലെ കണ്ണന്, വിദ്യാധരന് എന്നീ രണ്ട് യുവാക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. സിനിമയുടെ ഒടിടി റൈറ്റ്സ് എച്ച്.ആർ ഒടിടിയാണ് സ്വന്തമാക്കിയിരിക്കുന്നത്.
Comments