കാസർകോട്; 1090-ലധികം വർഷം പഴക്കമുള്ള മഹാശിലായുഗ സ്മാരകമായ ചെങ്കല്ലറ കണ്ടെത്തി. കാസർകോട് ചുള്ളിക്കര കോടോം-ബേളൂർ പഞ്ചായത്തിലെ ചുള്ളിക്കര തൂങ്ങലിലാണ് ചെങ്കല്ലറ കണ്ടെത്തിയത്. തൂങ്ങലിലെ എ.കൃഷ്ണന്റെ പറമ്പിൽ വാഴക്കൃഷിയ്‌ക്ക് വേണ്ടി കുഴിയെടുക്കുന്നതിനിടെയാണ് സംഭവം. ഗുഹ മഹാശിലാ സംസ്‌കാരത്തിന്റെ ചരിത്രശേഷിപ്പുകളായ ചെങ്കല്ലറകളാണ് ഇതെന്നാണ് നിഗമനം.
ചെങ്കൽപ്പാറ തുരന്ന് നിർമ്മിച്ച ചെങ്കല്ലറയുടെ ഒരുഭാഗത്ത് പടികളും രണ്ട് തട്ടുകളായി കൊത്തിയെടുത്ത കവാടവുമുണ്ട്. മുകൾഭാഗത്ത് വൃത്താകൃതിയിൽ അടച്ചുവയ്‌ക്കാനാകുന്ന വിധത്തിൽ ഒരാൾക്ക് ഗുഹയിലേക്ക് ഊഴ്ന്നിറങ്ങാൻ പാകത്തിൽ ദ്വാരവുമുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തിയത് പ്രദേശത്തെ ചരിത്ര പ്രാധാന്യതിന്റെ സൂചനയാണ്.
വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള മൺപാത്രങ്ങൾ വിശ്വാസത്തിന്റെ ഭാഗമായി അടക്കം ചെയ്താണ്. മഹാ ശിലാ കാലഘട്ടത്തിലെ മനുഷ്യർ ചെങ്കല്ലറകൾ നിർമ്മിച്ചിരുന്നത്. അതേസമയം കാസർകോട് ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നായി ചെങ്കല്ലറ കണ്ടെത്തിയിട്ടുണ്ട്. ചരിത്ര സ്മാരകം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ വീട്ടുടമസ്ഥൻ ചെങ്കല്ലറ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകി.















