കന്നിമാസ ആരംഭം, രവിസംക്രമം, വരാഹ ജയന്തി, വിശ്വകർമ്മ ജയന്തി, ഷഷ്ഠി വൃതം, ഗുരുദേവ സമാധി, ഋഷി പഞ്ചമി ഒക്കെയും ഈ വാരത്തിൽ ആചരിക്കും. അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ആചാര പ്രകാരം ക്ഷേത്രത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും.
രവിസംക്രമം ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. രാഷ്‌ട്രത്തിനും രാഷ്‌ട്രീയത്തിലും വൻ ചലനങ്ങൾ പ്രതീക്ഷിക്കാം. ശനിഭഗവാൻ നീതി നടപ്പാക്കാൻ വേണ്ടി ചതിക്കും വഞ്ചനക്കും ഒക്കെ ശിക്ഷ നടപ്പാക്കുന്ന കാലം ആയിരിക്കും. ഭൂമി ക്രയവിക്രയം ചെയ്യുന്നവർക്ക് ലാഭം ഉണ്ടാകും. പ്രകൃതി മോശമാകുകയും ഭൂമികുലുക്കം, ഉരുൾ പൊട്ടൽ, മലവെള്ളപ്പാച്ചിൽ ഒക്കെയും സംഭവിക്കാൻ സാധ്യതയുണ്ട്. കടൽമാർഗം തൊഴിൽ നോക്കുന്നവർ വളരെയധികം സൂക്ഷിക്കേണ്ട സമയം ആണ്. ഇത്തരം തൊഴിൽ ചെയ്യുന്നവർ ദോഷപരിഹാരം ചെയ്യേണ്ടത് അനിവാര്യം ആണ്.
വാര – മാസ ഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും എന്ന് മനസിലാക്കുക. അവരവരുടെ ജന്മ ഗ്രഹനില അനുസരിച്ചു യോഗങ്ങളും ദശാപഹാരവും ഒക്കെകൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് അനുഭവത്തിൽ ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, മോശം സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.
മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രം ആണ്. കുടുംബത്തിൽ ആഹ്ലാദഅന്തരീക്ഷം സംജാതമാകും. തൊഴിൽപരമായി വിജയം നേടും. വളരെ കാലമായി കിട്ടാതെ ഇരുന്ന സംഖ്യ തിരികെ ലഭിക്കും. അപ്രതീക്ഷിമായി വേണ്ടപ്പെട്ടവരുമായി ശത്രുതയിലാകാൻ സാധ്യത.
ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)
യാത്ര ക്ലേശം വർദ്ധിക്കും, വാഹനങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തുക. ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ കൂടുന്ന കാലം ആണ്. വാത, ഉദര രോഗങ്ങൾ അലട്ടും. കോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടാകും. തൊഴിൽ സംബന്ധമായി സ്ഥാനക്കയറ്റമോ സാമ്പത്തിക ലാഭമോ ഉണ്ടാകും.
മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
ദമ്പതികളിൽ കലഹം ഉണ്ടാകും എങ്കിലും തൊഴിൽപരമായി വിജയം നേടും. സഞ്ചാരശീലം കൂടും. ചിലഭാഗ്യാനുഭവങ്ങൾ തേടി വരും. അപ്രതീക്ഷിതമായി ബന്ധുക്കളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും. ഭക്ഷണ സുഖം പ്രശസ്തി ഒക്കെയും തേടി വരും.
കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)
ശത്രുക്കൾക്ക് നാശവും, വ്യവ്യഹാരങ്ങളിൽ വിജയവും നേടും. സ്ത്രീജനങ്ങളുമായി അടുത്തുപെരുമാറുവാൻ അവസരം, വാഹനഭാഗ്യം ഒക്കെയും ഉണ്ടാകും. എന്നാൽ കുടുംബത്തിൽ അത്ര നല്ല കാലം ആയിരിക്കില്ല. വേണ്ടപ്പെട്ടവരുടെ അപ്രതീക്ഷിത വിയോഗം ദുഃഖത്തിൽ ആഴ്‌ത്തും.
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
സകലതിലും തടസം, പ്രവർത്തന മാന്ദ്യത ഒക്കെയും ഉണ്ടാകും. നേത്രരോഗം ബുദ്ധിമുട്ടിക്കും. തൊഴിപരമായി ക്ലേശങ്ങൾ ഉണ്ടാകും. ഗ്രഹനില നോക്കി പരിഹാരം ചെയ്താൽ ശത്രുക്കളുടെ മേൽ വിജയം, കോടതിൽ അനുകൂല വിധി ഒക്കെയും നേടാം. ജലഭയം, യാത്രാദുരിതം ഒക്കെയും ഉണ്ടാകും.
കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
വളരെക്കാലമായി ഉണ്ടായിരുന്ന രോഗങ്ങൾ ശമിക്കും. സൽസൗഹൃദങ്ങൾ ഉണ്ടാകും. സൽപ്പേര് കേൾക്കാൻ യോഗം ഉണ്ട്. ആടയാഭരണലബ്ധി, സമ്മാനങ്ങൾ, അംഗീകാരങ്ങൾ ഒക്കെയും ലഭിക്കാൻ ഭാഗ്യം ഉണ്ട്. തൊഴിൽ ക്ലേശങ്ങൾ ഉണ്ടാകും എങ്കിലും ചെയ്യുന്ന പ്രവർത്തനങ്ങൾ ലാഭത്തിലാകും. എവിടെയും വിജയം ഉണ്ടാകും.
തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
ഭാഗ്യാനുഭവങ്ങൾ തേടി വരും. തൊഴിൽപരമായി മാനഹാനി അപമാനം ഒക്കെയും ഉണ്ടാകും എങ്കിലും ശത്രുപരാജയം സന്തോഷം നൽകും. നേത്ര, ഉദര രോഗം സൂക്ഷിക്കുക. കുടുംബത്തിൽ കലഹം ഉണ്ടായേക്കാം. നഷ്ടപ്പെട്ടു എന്ന് കരുതിയ സാമ്പത്തികം തിരികെ ലഭിക്കും.
വൃശ്ചികം രാശി: (വിശാഖവും അവസാന 1/4 ഭാഗം അനിഴം, തൃക്കേട്ട)
ബന്ധുജന സമാഗമം, ദമ്പതികളിൽ ഐക്യം, വിവാഹാദി മംഗളകർമ്മങ്ങൾ നടത്തി കൊടുക്കുവാൻ യോഗം ഒക്കെയും ഫലം. അനാവശ്യ കൂട്ടുകെട്ടുകൾ വഴി ധനനഷ്ടം മാനഹാനി ഒക്കെയും ഉണ്ടാകും. ബന്ധുജനങ്ങൾ ആയി ശത്രുത ഉണ്ടാകാതെ സൂക്ഷിക്കുക.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
ഉന്നതസ്ഥാനപ്രാപ്തി, തൊഴിൽ വിജയം ഒക്കെയും ഉണ്ടാകും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന കാലം ആണ്. ശരീര സുഖം അനുഭവപ്പെടും. ശയനസുഖം, ദമ്പതികളിൽ ഐക്യം ഒക്കെയും ഉണ്ടാകും എങ്കിലും വരവിൽ കവിഞ്ഞ ചിലവ് നേരിടേണ്ടി വരും. അനാവശ്യ കൂട്ടുകെട്ടുകളിൽ ഉള്ള ചതിയും വഞ്ചനയും തിരിച്ചറിയും. ലോട്ടറിയിൽ ഭാഗ്യം നേടാൻ സാധ്യത.
മകരം രാശി: (ഉത്രാടം അവസാന 3/4, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
സർക്കാർ ജോലി തേടുന്നവർക്ക് അനുകൂല അവസരങ്ങൾ വരും. ചിന്തയില്ലാതെ അന്യജനങ്ങളെ സഹായിക്കാൻ ഇറങ്ങി പുറപ്പെട്ടു പുലിവാല് പിടിക്കാൻ സാധ്യത ഉണ്ട്. അത്തരത്തിൽ കേസു വരെ വന്നു ഭവിക്കാം. പ്രേമ പുരോഗതി ഉണ്ടാകും. അമിത ആഡംബര പ്രിയത്വം, ഭാഗ്യഹാനി ഉണ്ടാകും.
കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
ശത്രുക്കളിൽ നിന്നും ദോഷം വന്നു ചേർന്നേക്കാം. മനഃശാന്തി ഇല്ലായ്മ അലട്ടും. ദാമ്പത്യത്തിൽ ചെറിയ കലഹം ഉണ്ടാകുന്നത് കുടുംബകോടതി വരെ ചെന്നെത്തിയേക്കാം. ഭക്ഷ്യവിഷബാധ ഉണ്ടാകാതെ നോക്കുക. തൊഴിൽപരമായി വിജയം നേടാൻ സാധ്യത.
മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
കുടുംബത്തിൽ മംഗള കർമത്തിന് സാധ്യത. വാഹന ഭാഗ്യം, അംഗീകാരങ്ങൾ തേടി വരും, അനുകൂല തൊഴിൽ ചലനം ഒക്കെ ഉണ്ടാകുന്ന സമയം ആണ്. ആരോഗ്യം വളരെയധികം സൂക്ഷിക്കുക. വിഷഭയം, ശത്രുക്കളിൽ നിന്നും ദോഷം ഒക്കെ ഉണ്ടാകും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V / 2023 September 17 to September 23
Comments