സിനിമാ പ്രേമികൾ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്. താരരാജാവ് മോഹൻലാലിനെ നായകനാക്കി സംവിധായകൻ ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും മലൈക്കോട്ടൈ വാലിബനുണ്ട്. ഇതുവരെ കാണാത്ത ഗെറ്റപ്പിലാകും മോഹൻലാലിന്റെ വരവെന്നതും ചിത്രത്തിന് പ്രതീക്ഷകൾ കൂട്ടുകയാണ്.
രാജ്യത്തിന്റെ പലഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ലിജോയുടെ നായകനായി മോഹന്‍ലാല്‍ ആദ്യമായി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സംവിശേഷത. ചിത്രത്തെ സംബന്ധിച്ച ഏറ്റവും പുതിയൊരു അപ്ഡേറ്റ് ഇന്ന് വെളിപ്പെടുത്തുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.
വാട്സ്ആപ് ചാനലിലൂടെ മോഹന്‍ലാലും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. “മലൈക്കോട്ടൈ വാലിബനെക്കുറിച്ച് നമ്മള് എന്തെങ്കിലും സംസാരിച്ചിട്ട് കുറേ ആവുന്നു. നാളെ വൈകിട്ട് 5ന് അതായാലോ?” ഇതായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍. സിനിമയുടെ റിലീസ് തീയതി ഉള്‍പ്പെടെയുള്ള പ്രധാന അപ്ഡേറ്റുകൾ ഇനിയും പുറത്തുവരാനിരിക്കുന്ന സാഹചര്യത്തിൽ മോഹൻലാലിന്റെ കുറിപ്പ് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കണ്ണുംനട്ട് കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ..















