ന്യൂഡൽഡി: പുതിയ പാർലമെന്റിൽ ഒത്തുചേർന്ന ലോക്‌സഭയിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ച് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ. 128-ാം ഭരണഘടനാ ഭേദഗതിയായാണ് ബിൽ അവതരിപ്പിച്ചത്. പാർലമെന്റിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം നൽകുന്നതാണ് ബിൽ. വനിതാ സംവരണം പ്രാബല്യത്തിൽ വരുത്താനുള്ള ബിൽ പാസാക്കുന്നതിന് വർഷങ്ങളായി തുടരുന്ന പരിശ്രമത്തിനാണ് ഇതോടെ പരിസമാപ്തിയാകുന്നത്.
സ്ത്രീ സംവരണം നടപ്പാക്കാൻ ഒടുവിൽ ദൈവം തിരഞ്ഞെടുത്തത് തന്നെയാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. വനിതാ സംവരണ ബില്ലിനെക്കുറിച്ചുള്ള ചർച്ചകൾ വളരെ കാലമായി തുടരുകയാണ്. അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്ത് ബിൽ നിരവധി തവണ അവതരിപ്പിച്ചുവെങ്കിലും ബിൽ പാസാക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതുമൂലം വനിതാ ബിൽ സ്വപ്‌നമായി തുടർന്നു. ഇന്ന് അത് നടപ്പിലാക്കാനുള്ള അവസരം ദൈവം നൽകിയിരിക്കുകയാണ്. ഇരുസഭകളിലും പാർലമെന്റിലും സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ പുതിയ ബിൽ കൊണ്ടുവന്നിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് സ്ത്രീകൾ നയിക്കുന്ന വികസനത്തിന്റെ പ്രാധാന്യത്തെ ലോകം തിരിച്ചറിഞ്ഞിരിക്കുന്ന ഘട്ടമാണിതെന്ന് പറഞ്ഞ മോദി ബില്ലിനെ ‘നാരീശക്തി വന്ദൻ അധിനിയം’ എന്ന് വിശേഷിപ്പിച്ചു. കായികരംഗം മുതൽ സംരംഭങ്ങൾ തുടങ്ങുന്നതിൽ വരെ ഇന്ത്യൻ വനിതകൾ നടത്തുന്ന മുന്നേറ്റത്തിന് ലോകം സാക്ഷിയാവുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
1998 ജൂൺ 4-ന് ബിജെപി സർക്കാരാണ് 84-ാം ഭരണഘടനാ ഭേദഗതിയായി വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. എന്നാൽ പിന്നീട് സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടുകയും നീക്കം വിഫലമാകുകയും ചെയ്തു. 1999 നവംബർ 22-ന് എൻഡിഎ സർക്കാർ ബിൽ വീണ്ടും പാർലമെന്റിൽ അവതരിപ്പിച്ചു. സമവായമുണ്ടാകാത്തതിനെ തുടർന്ന് ബിൽ പാസായില്ല. 2002-ലും 2003-ലും ബിൽ അവതരിപ്പിച്ചു. ഈ രണ്ടു തവണയും ബിൽ പാർലമെന്റിൽ പരാജയപ്പെട്ടു. എന്നാൽ 2010 ൽ ഒന്നിനെതിരെ 186- വോട്ടുകൾക്ക് രാജ്യസഭയിൽ ബിൽ പാസാകുകയായിരുന്നു. വനിതകൾക്ക് നിയമനിർമ്മാണ സഭകളിലും പാർലമെന്റിലും 33 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നിർണായക തീരുമാനത്തിലേക്ക് കടന്നിരിക്കുന്നത്.
Comments