പിറന്നാളിൽ നിറവിലാണ് മലയാളത്തിന്റെ പ്രിയനടൻ ഉണ്ണി മുകുന്ദൻ. 36-ാം പിറന്നാളാഘോഷ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഉണ്ണി മുകുന്ദന്റെ തമിഴ് ചിത്രമായ ‘കരുടന്റെ’ സെറ്റിൽ നിന്നുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്.
നടൻ ശശികുമാറും സെറ്റിലെ മറ്റംഗങ്ങളും ചേർന്ന് ഉണ്ണിക്ക് സർപ്രൈസ് പിറന്നാൾ ആഘോഷമാണ് നടത്തിയത്. വലിയ പൂമാലയും കേക്കുമായിരുന്നു പിറന്നാൾ സമ്മാനം. അതിലും വലിയ സർപ്രൈസ് ആയിട്ട് കട്ട് ഔട്ടും സഹപ്രവർത്തകർ പിറന്നാൾ ദിനത്തിൽ ഒരുക്കിയിരുന്നു.
വെട്രിമാരന്റെ തിരക്കഥയിലൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണമാണ് പുരോഗമിക്കുന്നത്. കുഭകോണത്താണ് ചിത്രീകരണം നടക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ‘സീഡൻ’ എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ വേഷമിടുന്ന തമിഴ് ചിത്രമാണിത്.
ഗുജറാത്തിന്റെ മണ്ണിൽ ജനിച്ച് വളർന്ന് പിന്നീട് മലയാള മണ്ണിൽ നിലയുറപ്പിച്ച നടനാണ് ഉണ്ണി മുകുന്ദൻ. താരപുത്രന്മാർ വാഴുന്ന കാലത്തും തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ഉണ്ണി. 1987 സെപ്റ്റംബർ 22-ന് മുകുന്ദൻ നായരുടെയും റോജി മുകുന്ദന്റെയും മകനായാണ് ജനനം. മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദൻ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് അനവധി നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ മനസിൽ ഇടം നേടാനും താരത്തിനായി.