ലക്‌നൗ: പർതാപൂരിൽ അത്യാധുനിക ടൗൺഷിപ്പ് സ്ഥാപിക്കുന്നതിനുള്ള മീററ്റ് വികസന അതോറിറ്റിയുടെ പദ്ധതിയ്‌ക്ക് അംഗീകാരം നൽകി ഉത്തർപ്രദേശ് നഗരവികസന വകുപ്പ്. 750 ഏക്കർ വിസ്തൃതിയിലുള്ള ടൗൺഷിപ്പിനാണ് അംഗീകാരം നൽകിയത്. ഡൽഹി-മീററ്റ് അതിവേഗ റെയിൽ പദ്ധതിയുടെ പ്രാഥമിക ഘട്ടം എന്ന നിലയിലാണ് ടൗൺഷിപ്പ് ആരംഭിക്കാനൊരുങ്ങുന്നത്. ടൗൺഷിപ്പിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക എന്നതാണ് സർക്കാർ ലക്ഷ്യം വെയ്‌ക്കുന്നത്.
സ്ഥലം ഏറ്റെടുക്കുന്നതിനായി 2,000 കോടി രൂപയാണ് ചിലവ് വരിക. ഇതിൽ ഉത്തർപ്രദേശ് പലിശ ഇല്ലാതെ ദീർഘകാല വായ്പ എന്ന നിലയിൽ ആകെ ചിലവിന്റെ അമ്പത് ശതമാനം നൽകുമെന്ന് എംഡിഎ വൈസ് ചെയർമാൻ അഭിഷേക് പാണ്ഡെ വ്യക്തമാക്കി. രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ പ്രാരംഭ നടപടികൾക്കായി 50 കോടി രൂപ അനുവദിച്ചതായും പാണ്ഡെ പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസന സംരംഭങ്ങൾക്ക് ഫണ്ട് നൽകുന്നതിനായി സർക്കാരും സ്വകാര്യസ്ഥാപനങ്ങളും വാല്യൂ ക്യാപ്ച്ചർ ഫിനാൻസിംഗ് ആണ് ഉപയോഗിക്കുന്നത്. ഇവിടെയും സാമ്പത്തിക സഹായത്തിനായി ഈ മാർഗമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.