ഒരു ബ്രാഹ്മണപത്‌നിയുടെ മരണകാരണം സുന്ദരേശ്വരഭഗവാൻ പാണ്ഡ്യരാജാവിനെ നേരിട്ട് ആറിയിക്കുന്നതാണ് ഈ ലീല .
ശ്രീ രാജശേഖര രാജാവ് ശിവലോകം പ്രാപിച്ചപ്പോൾ പുത്രനായ കുലോത്തുംഗ രാജാവ് രാജ്യഭരണം നടത്തി. ഭക്തി വിശ്വാസങ്ങളും ആചാരധർമ്മങ്ങളും നയവിനയങ്ങളും ധൈര്യവീര്യങ്ങളും ഒത്തിണങ്ങിയ ഐശ്വര്യസമ്പന്നമായ ഒരു ശിവഭക്തനായിരുന്നു, അദ്ദേഹം സകല ജനങ്ങൾക്കും സന്തോഷം പ്രദാനം ചെയ്തുകൊണ്ടുള്ള സത്ഭരണമാണ് നടത്തിയത്
ഒരു ദിവസം ഒരു ബ്രാഹ്മണൻ സ്വന്തം ഗ്രാമത്തിൽ നിന്ന് ഭാര്യയോടും ശിശുവിനോടും ഒപ്പം മധുരയിലേക്ക് യാത്രതിരിച്ചു മാർഗ്ഗ മദ്ധ്യേ ക്ഷീണം തോന്നിയതുകൊണ്ട് ഒരു വൃക്ഷത്തണലിൽ വിശ്രമിച്ചു.അതി കഠിനമായ വെയിലും ഉണ്ടായിരുന്നു. ദാഹശമനത്തിന് ബ്രാഹ്മണൻ വെള്ളം അന്വേഷിച്ചുപോയി ആ സമയം വൃക്ഷത്തിന്റ ശാഖയിൽ തൂങ്ങിക്കിടക്കുന്ന ഒരു അമ്പ് വൃക്ഷത്തിന്റ ചുവട്ടിൽ ശയിക്കുന്ന ബ്രാഹമണ പത്‌നിയുടെ കഴുത്തിൽ തറച്ചു. തൽക്ഷണം തന്നെ ആ നാരി ഇഹലോകാവാസം വെടിഞ്ഞു. ഒരു വേടൻ കിളിയെ വധിക്കുവാൻ അയച്ച അമ്പാണ് അവിടെ തൂങ്ങികിടന്നത്.
ബ്രാഹ്മണൻ ജലവുമായി വന്നപ്പോൾ പത്‌നിയുടെ അന്ത്യം സംഭവിച്ചതാണ് കണ്ടത്.
ദുഃഖിതനായ അദ്ദേഹം അല്പസമയത്തേക്ക് ബോധരഹിതനായി. പെട്ടെന്ന് ബോധം വന്നപ്പോൾ പക്ഷികളെ വേട്ടയടുവാൻ ഓടി നടക്കുന്ന ഒരു വേടനെ കണ്ടു.അയാളാണ് പത്‌നിയെ വധിച്ചതെന്ന വിശ്വാസത്താൽ പരുഷ വചനങ്ങൾ പറഞ്ഞ് നിന്ദിച്ചു.താനല്ല മരണകാരണമാണ് വേടൻ പറഞ്ഞത് ബ്രാഹ്മണൻ വിശ്വസിച്ചില്ല. അദ്ദേഹം വേടനൊപ്പം രാജമന്ദിരത്തിൽ എത്തി. പത്‌നിയുടെ മരണ കാര്യം അറിയിച്ചു. രാജാവിന്റ ചോദ്യങ്ങൾക്ക് താൻ വധിച്ചിട്ടില്ലെന്ന് വേടൻ സത്യസന്ധമായി മറുപടി പറഞ്ഞു. രാജാവ് ആവർത്തിച്ചു ചോദിച്ചിട്ടും വേടൻ സത്യാവസ്ഥയാണ് അറിയിച്ചത്. നീതിമാനായ രാജാവ് ഇങ്ങനെ പറഞ്ഞു.
‘ ബ്രാഹ്മണ ശ്രേഷ്ഠാ! എനിക്ക് അധർമ്മം ചെയ്യുവാൻ സാധിക്കുകയില്ല. വേടൻ കുറ്റമേൽക്കുകയുമില്ല. അങ്ങല്ലാതെ മറ്റാരും സാക്ഷിയില്ല. അതുകൊണ്ട് ഇവനെ വധിക്കുന്ന കാര്യം ആലോചിക്കേണ്ടി യിരിക്കുന്നു. ഈശ്വരനിശ്ചയത്തെ തടയാൻ ആർക്കും സാധ്യമല്ല അതുകൊണ്ട് അങ്ങ് മൃതദേഹം ദഹിപ്പിക്കുക’
ബ്രാഹ്മണൻ രാജാവിന്റ വാക്കുകൾ അനുസരിച്ചു. വേടന് ശാരീരിക പീഡനങ്ങൾ നൽകിയതിനു ശേഷം കാരാഗൃഹത്തിൽ അടച്ചു. ഈ സംഭവങ്ങൾ കുലോത്തുംഗരാജാവിനെ ചിന്താകുലനാക്കി അദ്ദേഹം തീർത്ഥസ്‌നാനത്തിനു ശേഷം മീനാക്ഷിദേവിയെ വന്ദിച്ചു സുന്ദരേശലിംഗത്തെയും താണ്ഡവനൃത്തമാടിയ ശ്രീ നടരാജനേയും ദർശിച്ച് സ്തുതിച്ചതിനു ശേഷം ഇങ്ങനെ പ്രാർത്ഥിച്ചു.
‘ഭഗവാനെ! അങ്ങയുടെ കൃപയാൽ പ്രജകളുടെ ദുഃഖം ശമിച്ച് ഞാൻ രാജ്യം പരിപാലിക്കുന്നു. ഇപ്പോൾ ഒരു ബ്രാഹ്മണന് വലിയ ദുഃഖം ഉണ്ടായിരുന്നു. പ്രഭോ! ഞാൻ എങ്ങനെയാണ് ആ ദുഃഖത്തിന് പരിഹാരം ഉണ്ടാക്കേണ്ടത്”.
പെട്ടന്ന് രാജാവിന് ഒരു അശരീരി കേൾക്കാൻ സാധിച്ചു.
‘ കുലോത്തുംഗ രാജാവേ! അർദ്ധരാത്രിയിൽ നഗര പരിശോധന എന്ന വ്യാജേന അങ്ങ് ആയുധ പാണിയായി പുറത്തിറിങ്ങി. നാലു ഭാഗത്തും നടക്കുക.അപ്പോൾ അങ്ങയുടെ വിഷമത്തെ പരിഹരിച്ചുതരാം.’
രാജാവ് ആയുധ പാണിയായി രാത്രിയിൽ പുറത്തിറങ്ങി സഞ്ചരിച്ചു.അപ്പോൾ ഒരു ഭവനത്തിൽ വിവാഹ ചടങ്ങുകൾ പങ്കെടുക്കാൻ പലരും വരുന്നതും പോകുന്നതടക്കം .ആ ഭവനത്തിന്റ പുറത്ത് കറുത്ത ഉയരമുള്ള രണ്ട് പേർ ഇരിക്കുന്നത് കണ്ടു.രണ്ട് ദംഷ്‌ട്രകൾ ഉള്ള അവരുടെ മുഖം അതീവ ഭയങ്കരമായിരുന്നു. രാജാവിന് അവരെ മനസിലായില്ല കൈകളിൽ കയറും ദണ്ഡുമുള്ള യമ ദൂതന്മാരായിരുന്നു അവർ .രാജാവ് അവരുടെ സംഭാഷണം രഹസ്യമായി ശ്രദ്ധിച്ചു. രണ്ടുപേരും അവരുടെ വീര്യപരാക്രമങ്ങൾ പറയുന്നുണ്ടായിരുന്നു.
‘കന്യകയെ വേൾക്കുന്ന പുരുഷനെ ഉടനെ യമസദനത്തിൽ കൊണ്ടുപോകണം അതിനു സമയം അടുത്തുകൊണ്ടിരിക്കുന്ന ഒരാൾ ഇങ്ങനെ പറഞ്ഞപ്പോൾ മറ്റെയാൾ പറഞ്ഞത് ഇതാണ്. ‘വിവാഹം കഴിയട്ടെ കൊണ്ടുപോകാൻ ബദ്ധപ്പെടാതെ സമാധാനമായിരിക്കുക. ഈ സംഭാഷണം കേട്ടപ്പോൾ രാജാവ് അവരുടെ മുന്നിൽ ചെന്ന് വിവാഹം കഴിഞ്ഞാൽ ആ ആളെ എങ്ങനെയാണ് കൊണ്ട് പോകുന്നതെന്ന് ചോദിച്ചു. ചോദിച്ചത് രാജാവാണ് എന്നു മനസ്സിലായ അവർ ഇങ്ങനെ പറഞ്ഞു,
‘രാജാവേ! വധത്തിലുള്ള ഉപായം കേട്ടാലും കൂർത്തതും മൂർച്ചയുള്ളതും ആയ കൊമ്പോടുകൂടിയ ഒരു പശുവിനെ വരനെ കുത്താൻ വേണ്ടി അഴിച്ചുവിടും. കയർ മുറിച്ചുമാറ്റി പശുവിനെ വിടുമ്പോൾ ആ പശു യുവാവിനെ കൊമ്പുകൾ കൊണ്ട് കുത്തി വധിക്കും. അപ്പോൾ അയാൾക്ക് പ്രാണഹാനി സംഭവിക്കും. ഉടനെ ആ ജീവനെയും കൊണ്ട് ഞങ്ങൾ പോകും. മരണസമയമടുക്കുമ്പോൾ നിസ്സാരമായ പുല്ലും ഭവിച്ച് വജ്രതുല്യമായി മാറും.് വനത്തിലെ ഒരു വൃക്ഷചുവട്ടിൽ ഒരു ബ്രാഹ്മണ പത്‌ന് ക്ഷീണിതനായി കിടന്ന അപ്പോൾ വൃക്ഷത്തിന്റ മുകളിൽ തൂങ്ങിക്കിടന്നിരുന്ന അമ്പിനെ ഞങ്ങൾ ഊതി വീഴ്‌ത്തി ,തൽക്ഷണം തന്നെ ആ സാധ്വിയുടെ ജീവൻ നഷ്ടപ്പെട്ടു.ഞങ്ങൾ കാലപുരിയിലേക്ക് കൊണ്ട് പോകുകയും ചെയ്തു.പതി വെള്ളം കൊണ്ടു വരുവാൻ പോയപ്പോഴാണ് ഇത് സംഭവിച്ചത്.”
ഇക്കാര്യങ്ങൾ രാജാവ് അറിഞ്ഞപ്പോൾ ബ്രാഹ്മണന്റ സമീപം പോയി അദ്ദേഹത്തെ കൂട്ടികൊണ്ട് വിവാഹ ആഘോഷം നടക്കുന്ന ഭവനത്തിന്റ സമീപം എത്തി.
്അവിടെ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ നേരിൽ കാണാൻ സന്നദ്ധരായി നിന്നു. യമദൂതന്മാരുടെ സംഭാഷണം അവർ ശ്രവിച്ചു.രണ്ടുപേരും പലരേയും വധിക്കുവാൻ പ്രകടമാക്കിയ കഴിവുകളെ കുറിച്ച് പരസ്പരം പറഞ്ഞു.ആ കൂട്ടത്തിൽ ഇങ്ങനെയും പറഞ്ഞു.
‘ വധിക്കുവാൻ ആയുധം വേണമെന്നില്ല വൃക്ഷത്തണലിൽ ക്ഷീണിതയായി ശയിക്കുന്ന ബ്രാഹ്മണ പത്‌നിയെ അവിടെ തൂങ്ങിക്കിടന്ന അമ്പിനാൽ വധിച്ചു.മുകളിലിരുന്ന അമ്പിനെ ശ്വാസത്താൽ ഊതി വൂഴ്‌ത്തിയാണ് ആ ജീവൻ എടുത്തത് പണ്ട് ഒരു വേടൻ പക്ഷിയെ വീഴ്‌ത്താൻ ഉപയോഗിച്ച അമ്പ് ലക്ഷ്യം തെറ്റി വൃക്ഷത്തിന്റ ഇലയിൽ തൂങ്ങിക്കിടക്കുയായിരുന്നു, മരണ കാലം അടുക്കുമ്പോൾ വധിക്കുന്നതിന് ഒരു പ്രയാസവും ഇല്ല.വിവാഹിതനാകുന്ന യുവാവിനെ കഴിയുന്നതും വേഗം വധിക്കണം. അതിനു വേണ്ടി പശുവിന്റ കയർ അഴിച്ചു വിടാം.ഇനിയും ഇവിടെ നിന്ന് സമയം കളഞ്ഞാൽ കാലൻ കോപിക്കും.’
ബ്രാഹ്മണന് തന്റ പത്‌നിയുടെ മരണ കാരണം മനസിലാക്കാൻ കഴിഞ്ഞു. വീണ്ടും കാലദൂതർ പ്രഭാഷണം നടത്തുന്നത് അവർ ശ്രദ്ധിച്ചു. അതിലെ പ്രധാന ഭാഗം ഇതാണ് ‘കാശി,കാളഹസ്തി,ഹാലാസ്യം, ചിദംബരം എന്നീ ക്ഷേത്രങ്ങളുടെ സമീപം യമദൂതന്മാർക്ക് പ്രവേശനം ഇല്ല. മറ്റ് ശിവക്ഷേത്രങ്ങളുടെ സമീപത്തും അവർ പോകുകയില്ല. കാലന്റ ആജ്ഞ അവർ അനുസരിക്കുന്നു.
വിവാഹനന്തരം അവിടെ സംഭവിക്കുവാൻ പോകുന്ന കാര്യങ്ങൾ നേരിട്ട് കണ്ടറിയാൻ രാജാവും ബ്രാഹ്മണനും നിശ്ചയിച്ചു. പെട്ടന്ന് വാദ്യഘോഷങ്ങൾ കേട്ടു. കന്യകയുടെ പാണിഗ്രഹണം നടന്നു. ആഘോഷകാഹളങ്ങൾ ഉയർന്ന് കൊണ്ടിരിക്കുമ്പൊൾ പശു ഓടിച്ചെന്ന് വരനെ കുത്തി. ഉടൻ തന്നെ ആ യുവാവിന്റ ജീവൻ പോയി. ഉടൻ യമ ഭടന്മാർ ജീവനും കൊണ്ട് അപ്രത്യക്ഷരായി. വിവാഹ ആഘോഷങ്ങൾ മുഴങ്ങിക്കേട്ട ഭവനത്തിൽ പിന്നീട് രോദനങ്ങൾ ആണ് മുഴങ്ങിയത്.
രാജാവ് സ്വമന്ദിരത്തിൽ ചെന്ന് മന്ത്രിമാരെ വിളിച്ചുണർത്തി രാത്രിയിൽ നടന്ന സംഭവങ്ങൾ അറിയിച്ചു . രാജാവിന്റ ഭക്തിയെ അവർ പ്രശംസിച്ചു. പിതാവിന് വേണ്ടി വ്യത്യസ്ത നൃത്തം ചെയ്ത സുന്ദരേശ്വര ഭഗവാൻ രാജാവിനെയും അനുഗ്രഹിച്ചതായി അവർ അഭിപ്രായപ്പെട്ടു. ബ്രാഹ്മണ പത്‌നിയുടെ മരണ കാരണം അറിയാൻ സാധിക്കാതെ അസ്വസ്ഥനായ രാജാവിന് അശരീരി വാക്യത്തിൽ കൂടി സ്വസ്ഥത നൽകി അനുഗ്രഹിച്ചു. ശിവ ചരണങ്ങലെ ആശ്രയിച്ചാലുണ്ടാകുന്ന ഫലം താൻ അനുഭവിച്ച് അറിഞ്ഞു എന്ന് രാജാവ് പറഞ്ഞു. അദ്ദേഹം വേടനെ ബന്ധനത്തിൽ നിന്ന് മോചിപ്പിച്ചു. പീഡനം നടത്തിയതിൽ ക്ഷമിക്കണമെന്ന് പറഞ്ഞ് ധാരാളം നല്കി.
രാജാവ് വ്യത്യസ്ത താണ്ഡവമാടിയ ഭഗവാന് മാണിക്യ വജ്രാദികൾ കൊണ്ട് നിർമ്മിതമായ കിരീടവും ആഭരണങ്ങളും സമർപ്പിച്ചു. സകലസുഖങ്ങളും മോക്ഷവും നൽകുന്നതാണ് ഈ ലീല.
അടുത്ത ഹാലാസ്യ മാഹാത്മ്യം26 – വിപ്രപാപമോചനം
അവലംബം – വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിതയെ അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യമാഹാത്മ്യം കിളിപ്പാട്ട്
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും
https://janamtv.com/tag/halasya-mahatmyam/