ന്യൂഡൽഹി: ചന്ദ്രയാൻ-3യുടെ വിജയം രാജ്യത്തിന്റെ മറ്റൊരു നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാൻ-3യുടെ ലാൻഡർ ചന്ദ്രോപരിതലത്തിലേക്ക് ചുവടുവെയ്‌ക്കുന്നത് രാജ്യത്തെ പൗരന്മാർ പ്രതീക്ഷയോടെ നോക്കി കാണുകയായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 105-ാമത് മൻ കി ബാത്തിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഐഎസ്ആർഒയുടെ യൂട്യൂബ് ലൈവ് ചാനലിൽ 80 ലക്ഷത്തിൽ അധികം ആളുകൾ കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാൻ-3 മഹാക്വിസ് എന്ന പേരിൽ ഒരു ക്വിസ് മത്സരം നടക്കുന്നുണ്ടെന്നും മൈ ഗവ് പോർട്ടലിൽ നടക്കുന്ന ഈ മത്സരത്തിൽ ഇതുവരെ 15 ലക്ഷത്തിൽ അധികം ആളുകളാണ് പങ്കെടുത്തിട്ടുള്ളതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മൈ ഗവ് നിലവിൽ വന്നതിന് ശേഷമുള്ള ഏറ്റവും വലിയ പങ്കാളിത്തമാണ് ഇതെന്നും ആറ് ദിവസം കൂടി ഇനി ബാക്കിയുള്ളതെന്നും ക്വിസിൽ എല്ലാവരും പങ്കെടുക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.
കൂടാതെ ജർമ്മനിയിൽ നിന്നുമുള്ള 21-കാരി ഇന്ത്യൻ ഗാനങ്ങൾ ആലപിച്ച് ഇൻസ്റ്റഗ്രാമിൽ ജനപ്രിയതാരമായതും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. ജനനം മുതൽ അന്ധയായിരുന്നിട്ട് കൂടി അസാധാരണമായ നേട്ടങ്ങൾ കൈവരിച്ച കാസ്മിയെ പ്രധാനമന്ത്രി പ്രശംസിച്ചു.