ഇൻഡോർ: ലോകകപ്പിന് മുമ്പൊരു സാമ്പിൾ വെടിക്കെട്ട്, അതായിരുന്നു ഓസ്‌ട്രേലിയൻ പരമ്പര. നമ്മുടെ വെടിക്കോപ്പുകളെല്ലാം കൃത്യ സമയത്ത് പൊട്ടിത്തെറിക്കുന്നുണ്ടോ എന്ന് നോക്കാനുള്ള ചെറിയൊരു പരീക്ഷണം. ഭാഗ്യം ഒന്നുപോലും നനഞ്ഞ പടക്കമായില്ലെന്ന് മാത്രമല്ല. എല്ലാം നല്ല ഡൈനമൈറ്റ് പോലെ പൊട്ടിത്തെറിച്ചു. ഇതോടെ പരമ്പരയും മത്സരവും ഇന്ത്യ സ്വന്തമാക്കി. 99 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. 217 റൺസിന് ഓസ്‌ട്രേലിയൻ ഇന്നിംഗ്സ് അവസാനിച്ചു.
ഇൻഡോർ ക്രിക്കറ്റ് സ്‌റ്റേഡിയം ഇന്ന് സാക്ഷിയായത് ഇന്ത്യയുടെ ഓസ്‌ട്രേലിയക്കെതിരെയുള്ള ഏറ്റവും ഉയർന്ന ഏകദിന സ്‌കോറിനായിരുന്നു. 399. ഈ വേദിയിൽ തന്നെയാണ് ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഏകദിന സ്‌കോറും പിറന്നത്. വിൻഡീസിനെതിരെ 418 റൺസ് പിറന്നപ്പോൾ അന്ന് ഡബിൾ സെഞ്ച്വറിയുമായി കളം നിറഞ്ഞത് വിരേന്ദർ സെവാഗായിരുന്നു. 153 റൺസിനായിരുന്നു ഇന്ത്യൻ വിജയം.
അസാദ്ധ്യമെന്ന് തോന്നിച്ച വിജയലക്ഷ്യമാണെങ്കിലും ഓസ്‌ട്രേലിയ എളുപ്പം മുട്ടുമടക്കില്ലെന്ന് കരുതിയെങ്കിലും മറിച്ചായിരുന്നു സംഭവിച്ചത്.ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ ചൂളിപ്പോകാനെ അവർക്ക് ആകുമായിരുന്നുള്ളു.
സ്പിന്നമാർമാരയ ജഡേജയ്‌ക്കും അശ്വിനും മുന്നിൽ ഓസ്‌ട്രേലിയയുടെ വമ്പന്മാർക്ക് മറുപടിയുണ്ടായിരുന്നില്ല. ഇടവേളകളിൽ വിക്കറ്റ് വീണതോടെ മഴ നിയമ പ്രകാരം സ്‌കോർ കുറച്ചിട്ടും കൂറ്റൻ തോൽവിയായിരുന്നു ഓസ്‌ട്രേലിയയുടെ വിധി.
400 റൺസ് എന്ന വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിനെ മഴയും തുണച്ചില്ല. ഇടയ്‌ക്ക് രസം കൊല്ലിയായി മഴയെത്തിയതോടെ വിജയലക്ഷ്യം പുനർ നിശ്ചയിച്ചു. 33 ഓവറിൽ 317 റൺസ് ആയി കുറച്ചു. മഴമാറിയതോടെ ഇന്ത്യൻ ബൗളർമാർ കണിശതയോടെ പന്തെറിഞ്ഞു.
ഓപ്പണർ മാത്യുഷോട്ടിനെയും(9) നായകൻ സ്മിത്തിനെയും (0) അടുത്തടുത്ത പന്തുകളിൽ പുറത്താക്കി ഇന്ത്യ നയം വ്യക്തമാക്കി. പ്രസീദ് കൃഷ്ണയ്‌ക്കായിരുന്നു വിക്കറ്റ്.ഇതിനിടെയാണ് മഴയെത്തിയത്. രണ്ടാമത് ബാറ്റിംഗ് തുടങ്ങിയ ഓസിസിനായി അൽപ്പമെങ്കിലും പൊരുതിയത് 39 പന്തിൽ 53 റൺസെടുത്ത വാർണറായിരുന്നു. എൽബിയിൽ കുരുക്കി വാർണറെ അശ്വിൻ കൂടാരം കയറ്റിയതോടെ ഓസ്‌ട്രേലിയൻ മദ്ധ്യനിര ചീട്ടുകൊട്ടാരം പോലെ തകർന്നു. ലംബുഷെയ്ൻ(27), ജോഷ് ഇംഗ്ലിസ്(6), അലക്സ് ക്യാരി (14), കാമറൂൺ ഗ്രീൻ (19), ആദം സാംബ(5) എന്നിവർ നിസാര റണ്ണിന് കൂടാരം കയറി. മൂന്നു വിക്കറ്റ് വീതമെടുത്ത അശ്വിനും ജഡേജയും കൂടി ഓസ്ട്രേലിയയെ ചുരുട്ടിക്കൂട്ടുകയായിരുന്നു. ഷമിക്ക് ഒരു വിക്കറ്റ് ലഭിച്ചു.
സീൻ അബോട്ടിന്റെ ചെറുത്ത് നിൽപ്പ് മാത്രമായിരുന്നു ഓസ്‌ട്രേലിയക്ക് ആശ്വസിക്കാനുള്ള വക നൽകിയത്. വാലറ്റത്തിന്റെ ചെറുത്തു നിൽപ്പാണ് സ്‌കോർ 200 കടത്തി ഓസിസിനെ വലിയ നാണക്കേടിൽ നിന്ന് കരകയറ്റിയത്. അബോട്ടിന് പിന്തുണയുമായി ജോഷ് ഹെയിസിൽ വുഡും പ്രതിരോധം തീർത്തു. ഒമ്പതാം വിക്കറ്റിൽ ഇരുവരുടെയും പാർടണർഷിപ്പ് 50 കടന്നു. 23 റൺസെടുത്ത ഹെയിസിൽ വുഡിനെ പുറത്താക്കി ഷമി കൂട്ട് കെട്ട് പൊളിച്ചു.53 റൺസെടുത്ത അബോട്ടിനെ പുറത്താക്കി ജഡേജ വിജയം സമ്മാനിച്ചു.
നിശ്ചിത 50ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 399 റൺസെടുത്തു.ശുഭ്മാൻ ഗില്ലിന്റേയും ശ്രേയസ് അയ്യരുടേയും തട്ടുപൊളിപ്പൻ സെഞ്ച്വറികളാണ് ഇന്ത്യയ്‌ക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. ടീം സ്‌കോർ 200കടത്തിയ കൂട്ടുകെട്ട് 216ൽ നിൽക്കേയാണ് പിരിഞ്ഞത്. 90പന്തിൽ നിന്ന് 105 റൺസെടുത്ത ശ്രേയസ് അയ്യരെ സീൻ അബോട്ട് പുറത്താക്കി.
പിന്നാലെ ഗില്ലും സെഞ്ച്വറി തികച്ചു. 104റൺസെടുത്ത ഗിൽ മടങ്ങിയതോടെ കെഎൽ രാഹുലും ഇഷാൻ കിഷനും സ്‌കോറുയർത്തി. ഇരുവരും ചേർന്ന് സ്‌കോർ മുന്നൂറ് കടത്തി. 18 പന്തിൽ നിന്ന് 31 റൺസെടുത്ത കിഷനെ അദം സാമ്പ കൂടാരം കയറ്റി. പിന്നീടിറങ്ങിയ സൂര്യകുമാർ യാദവും വെടിക്കെട്ട് തുടർന്നു.കാമറൂൺ ഗ്രീൻ എറിഞ്ഞ 44ാം ഓവറിൽ തുടർച്ചയായ നാല് സിക്സറുകളടിച്ച സൂര്യകുമാർ അവസാന ഓവറുകളിൽ കത്തിക്കയറി.
38 പന്തിൽ നിന്ന് 52 റൺസെടുത്ത രാഹുൽ പുറത്തായി. 37 പന്തിൽ നിന്ന് ആറ് വീതം സ്‌ക്സറുകളുടേയും ഫോറുകളുടേയും അകമ്പടിയിലായിരുന്നു യാദവിന്റെ വെടിക്കെട്ട്.
ഏറ്റവും അധികം തല്ലുവാങ്ങിയ ഗ്രീനും ബൗളിംഗിൽ സെഞ്ച്വറി തികച്ചു. 10 ഓവറിൽ 103 റൺസാണ് താരം വഴങ്ങിയത്. രണ്ടു വിക്കറ്റും ലഭിച്ചു. സീൻ അബോട്ടും നൽകി 91 റൺസ്.മത്സരത്തിൽ 18 സിക്സറുകൾ നേടിയ ഇന്ത്യ മറ്റൊരു റെക്കോഡും കുറിച്ചു. ഏകദിനത്തിൽ 3,000 സിക്സറുകൾ നേടുന്ന ആദ്യ ടീമെന്ന അപൂർവനേട്ടമാണ് ഇന്ത്യ കരസ്ഥമാക്കിയത്. 2,953 സിക്സറുകളുമായി വിൻഡീസും 2,566 സിക്സറുകളുമായി പാകിസ്താനുമാണ് ലിസ്റ്റിൽ പിന്നിൽ.