തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ മോഹൻലാൽ. ക്ഷേത്രത്തിനു പുറത്തിറങ്ങിയ മോഹൻലാലിനെ പൊന്നാടയണിയിച്ചാണ് അധികൃതർ സ്വീകരിച്ചത്. ക്ഷേത്ര അധികൃതർക്കൊപ്പം ചിത്രങ്ങൾ എടുത്തതിന് ശേഷമാണ് മോഹൻലാൽ ക്ഷേത്രത്തിൽ നിന്നും മടങ്ങിയത്. തെക്കേ നടയിൽ നിന്നും പുറത്തുവരുന്ന ലാലിന്റെ ചിത്രങ്ങൾ ഫാൻസ് പേജുകൾ ആഘോഷമാക്കുകയാണ്.
‘നേര്’ എന്ന ജീത്തു ജോസഫ് ചിത്രത്തിന്റെ ഷൂട്ടിനായാണ് നടൻ തിരുവനന്തപുരത്തെത്തിയത്. ഷൂട്ടിംഗ് തിരക്കുകൾക്കിടയിലാണ് മോഹൻലാൽ എത്തിയത്. ചിത്രം ‘നേരിന്റെ’ പ്രധാന ലൊക്കേഷൻ തിരുവനന്തപുരമാണ്. അതിനാൽ വളരെ വർഷങ്ങൾക്ക് ശേഷം മോഹൻലാൽ തിരുവനന്തപുരത്ത് സിനിമാ ചിത്രീകരണവുമായി സജീവമാവുകയാണ്. നേരത്തെ നടൻ മധുവിന്റെ നവതിയോടനുബന്ധിച്ച് നിശാഗന്ധിയിൽ നടന്ന പരിപാടിയിൽ മോഹൻലാൽ പങ്കെടുത്തിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ദീർഘകാലത്തിന് ശേഷം ഉറ്റസുഹൃത്ത് മോഹന്‍ലാലിനെ നേരിൽകണ്ടതിന്റെ സന്തോഷം ഗായകൻ എം.ജി.ശ്രീകുമാർ പങ്കുവച്ചിരുന്നു.
View this post on Instagram
പത്തനംതിട്ടയാണ് സ്വദേശമെങ്കിലും, മോഹൻലാൽ തലസ്ഥാനത്തിന്റെ പുത്രനാണ്. നഗരത്തിൽ മുടവന്മുകളിലാണ് മോഹൻലാൽ കുട്ടിക്കാലം ചിലവിട്ട കുടുംബവീട്. തിരുവനന്തപുരം ഗവണ്മെന്റ് മോഡൽ സ്കൂളിലായിരുന്നു മോഹൻലാലിന്റെ സ്കൂൾ വിദ്യാഭ്യാസം. കോളേജ് പഠനം നടന്നത് എം.ജി. കോളേജിലുമായിരുന്നു. 2016ലും മോഹൻലാൽ പത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തിയിരുന്നു.