അമൃത്സർ: അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടിക്ക് വോട്ട് ചെയ്യരുതെന്നും ആംആദ്മി പാർട്ടിയുടെ 32 എംഎൽഎമാർ തങ്ങൾക്കൊപ്പമാണെന്നും കോൺഗ്രസ് പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബജ്വ. നിലവിൽ കോൺഗ്രസിന് 18 എംഎൽഎമാരുണ്ട്. 32 ആംആദ്മിക്കാർ കൂടി എത്തുന്നതോടെ ഭരണം അട്ടിമറിക്കാൻ കോൺഗ്രസിന് സാധിക്കുമെന്നും ബജ്‌വ പറഞ്ഞു.
വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആംആദ്മി 13 സീറ്റുകളിൽ മത്സരിക്കുമെന്ന് കെജ്‌രിവാൾ പറഞ്ഞതോടെയാണ് എഎപിയും കോൺഗ്രസും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നത്. പ്രതിപക്ഷ സഖ്യത്തിൽ വിള്ളൽ വീഴ്‌ത്തുന്ന വെളിപ്പെടുത്താലായിരുന്നു ഇത്. സീറ്റു ചർച്ചകൾ നടക്കാത്തതിനാൽ മുന്നണിയിൽ അരക്ഷിതാവസ്ഥ പുകയുകയാണ്. ഇതിന് ആക്കം കൂട്ടുന്ന നിലപാടാണ് പഞ്ചാബിലെ പ്രതിപക്ഷ നേതാവിന്റേത്.
ഒറ്റമുന്നണിയായി മത്സരിക്കുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സീറ്റ് ചർച്ചയടക്കം നിർണായക തീരുമാനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. പ്രധാനമന്ത്രി സ്ഥാനർത്ഥിയെ ഉയർത്തിക്കാട്ടാൻ സാധിക്കത്തതും ഇൻഡി മുന്നണിക്ക് തിരിച്ചടിയാകും. 2022-ൽ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിക്ക് വൻ വിജയം നേടികൊടുത്ത സംസ്ഥാനമാണ് പഞ്ചാബ്.