വിഖ്യാത സംവിധായകനായ കെ ജി ജോർജ് ഞായറാഴ്ചയാണ് അന്തരിച്ചത്. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അദ്ദേഹത്തിന്റെ മരണ ശേഷം കെ ജി ജോർജിനെ അവസാന കാലത്ത് കുടുംബം നോക്കിയില്ലെന്നും വയോജന കേന്ദ്രത്തിലാക്കിയെന്നും ആരോപണമുയർന്നിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലും ഇത് ചർച്ചയാക്കിയിരുന്നു. ആരോപണങ്ങൾക്ക് പ്രതീകരണവുമായി എത്തിയിരിക്കുകയാണ് ജോർജിന്റെ ഭാര്യ സെൽമ. മരണാനന്തര ചടങ്ങുകൾക്കായി കൊച്ചിയിൽ എത്തിയപ്പോഴാണ് അവർ മാദ്ധ്യമങ്ങളോട് സംസാരിച്ചത്. നിലവിൽ ഗോവയിൽ മകനൊപ്പം താമസിക്കുകയാണ് ഭാര്യ സെൽമ.
സെൽമയുടെ വാക്കുകൾ
മകൻ ഗോവയിലാണ്. മകൾ ദോഹയിലും. അതുകൊണ്ടാണ് ഞാൻ ഗോവയിലേക്ക് പോയത്. ഇന്നലെ ഫ്‌ളൈറ്റ് ഇല്ലായിരുന്നു. അതിനാലാണ് ഇന്ന് വന്നത്. ഞാനും മക്കളും നല്ലതായിട്ട് തന്നെയാണ് ഭർത്താവിനെ നോക്കിയത്. ഡോക്ടർമാരും നഴ്‌സുമാരും ഫിസിയോ തെറാപ്പി എക്‌സർസൈസും ഒക്കെയുള്ളത് കൊണ്ടാണ് സിഗ്‌നേച്ചർ എന്ന സ്ഥാപനത്തിൽ അദ്ദേഹത്തെ ആക്കിയത്. അതും കൊള്ളാവുന്ന സ്ഥലമായതുകൊണ്ടാണ് അങ്ങോട്ടേയ്‌ക്ക് മാറ്റിയത്.
ഞങ്ങൾ വയോജന സ്ഥലത്താക്കിയെന്നാണ് മനുഷ്യര് പറയുന്നത്. സ്ഥാപനത്തിൽ അന്വേഷിച്ച് നോക്ക് എങ്ങനെയാ അവിടത്തെ കാര്യങ്ങളെന്ന്. സിനിമാ ഫീൽഡിൽ ഫെഫ്‌കെ അടക്കമുള്ളവരോട് ചോദിച്ചാൽ അറിയാം ഞങ്ങൾ എങ്ങനെയാണ് നോക്കിയത് എന്ന്. പിന്നെ ഞങ്ങൾക്ക് ജീവിക്കേണ്ടേ? മോൾ ദോഹയ്‌ക്ക് പോയത് അവൾക്ക് ജീവിക്കാനാണ് മോനും ജീവിക്കണ്ടേ ജോർജിന്റെ ഭാര്യ ചോദിച്ചു.
എനിക്ക് ഇവിടെ ഒറ്റയ്‌ക്ക് താമസിക്കാൻ പറ്റില്ലല്ലോ. പുള്ളിയെ ഒറ്റയ്‌ക്കിട്ട് പോയെന്നാ എല്ലാവരും പറയുന്നത്. പുള്ളിക്ക് സ്‌ട്രോക്കുള്ളതുകൊണ്ട് ഒറ്റയ്‌ക്ക് കുളിപ്പിക്കാനും പൊക്കിയെടുത്ത് കിടത്താനുമുള്ള ആരോഗ്യം എനിക്കില്ല. ഒരാളെ എങ്ങനെ സ്ത്രീ തന്നെ പൊക്കും. അതുകൊണ്ടാണ് സിഗ്‌നേച്ചറിൽ കൊണ്ടാക്കിയത്. അവർ നല്ലതായിട്ടാണ് നോക്കിക്കൊണ്ടിരുന്നതും. നമുക്ക് ഒരു പ്രോബ്ലവും ഇല്ലായിരുന്നു. എല്ലാം ആഴ്ചയും പുള്ളിക്ക് ആവശ്യമുള്ള ഭക്ഷണം കൊടുത്തയക്കുമായിരുന്നു. നന്നായിട്ട് തന്നെയാണ് നോക്കി കൊണ്ടിരുന്നത്. കുരയ്‌ക്കുന്ന പട്ടികളുടെ വായ നമ്മുക്ക് അടയ്‌ക്കാൻ പറ്റില്ലില്ലോ. യുട്യൂബിലും മറ്റും മോശം ഇതിനെ പറ്റി പലതും എഴുതി.
ജോർജേട്ടൻ ഒരുപാട് നല്ല സിനിമകൾ ഇഷ്ടം പൊലെ ഉണ്ടാക്കി.
പക്ഷേ അഞ്ച് കാശ് അദ്ദേഹം ഉണ്ടാക്കിയിട്ടില്ല. പക്ഷേ എല്ലാവരും യുട്യൂബിൽ എഴുതുന്നതും പറയുന്നതും കാശെല്ലാം എടുത്ത് അദ്ദേഹത്തെ കറിവേപ്പില പോലെ തളളിയെന്നാണ്. ഞങ്ങൾക്ക് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല. ഞാനും എന്റെ മക്കളും ദൈവത്തെ മുൻ നിർത്തിയാണ് ജീവിച്ചത്. അദ്ദേഹത്തെ ആത്മാർഥതയോടെയാണ് സ്‌നേഹിച്ചത്. വലിയ ഡയറക്ടർ മാത്രമല്ല നല്ലൊരു നല്ലൊരു ഭർത്താവുമായിരുന്നു അദ്ദേഹം. മനുഷ്യരായാൽ അങ്ങോട്ടും ഇങ്ങോട്ടും പ്രശ്‌നങ്ങളുണ്ടാകും. മരിക്കുന്നത് വരെ അദ്ദേഹത്തെ ആത്മാർത്ഥതയൊടെയാണ് നോക്കിയത്. ഒരു വിഷമവും പുള്ളിക്ക് വരുത്തിയിട്ടില്ല.
ഞാൻ സുഖവാസത്തിനല്ല ഗോവയിൽ പോയത്. എന്നെ നോക്കാൻ ആരുമില്ല ഇവിടെ. എനിക്കും പ്രായമായി. അതുകൊണ്ടാണ് മകന്റെ അടുത്തേയ്‌ക്ക് പോയത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് ദഹിപ്പിച്ചത്. അതിനെ കുറെപേർ എതിർത്തിരുന്നു. ഭർത്താവിന്റെ ആഗ്രഹമാണ് ഞാൻ നോക്കിയത്. ഞാൻ മരിച്ചാലും എന്റെ ബോഡി ദഹിപ്പിക്കാനാണ് ആഗ്രഹം ജോർജിന്റെ ഭാര്യ പറഞ്ഞു നിർത്തി.