എറണാകുളം: വിശ്വഹിന്ദു പരിഷത്തിന്റെ ബജറംഗ്ദൾ ശൗര്യ ജാഗരണ രഥയാത്ര ഒക്ടോബർ ഒന്നിന് ആരംഭിക്കും. ഒക്ടോബർ ഒന്ന് മുതൽ ആറ് വരെയാണ് യാത്ര സംഘടിപ്പിക്കുന്നത്. മദ്യം, മയക്കുമരുന്ന്, തീവ്രവാദ പ്രവർത്തനങ്ങൾ എന്നിവയ്‌ക്കെതിരെയാണ് രഥയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. മഞ്ചേശ്വരത്ത് നിന്നും തിരുവനന്തപുരം വരെയാണ് യാത്ര.
ഒകടോബർ ഒന്നിന് മഞ്ചേശ്വരം ശ്രീ അനന്തീശ്വരം ക്ഷേത്രസന്നിധിയിൽ തേജസ്വി സൂര്യ എംപി രഥയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. ഒക്ടോബർ ആറിന് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്ര സന്നിധിയിലെ സമാപന സമ്മേളനം തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ ഉദ്ഘാടനം ചെയ്യും. മേജർ രവി മുഖ്യ പ്രഭാഷണം നടത്തും. ഉദ്ഘാടന സമാപന യോഗങ്ങളിൽ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വിജിതമ്പി, സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജശേഖരൻ, സംഘടന സെക്രട്ടറി കെ.ഗിരീഷ് കുമാർ, സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വക്കേറ്റ് അനിൽ വിളയിൽ, ബജരംഗ്ദൾ ക്ഷേത്രീയ സംയോജകൻ ജിജേഷ് പട്ടേരി സംസ്ഥാന സംയോജക് അനൂപ് രാജ് തുടങ്ങിയവർ പങ്കെടുക്കും.
കേരളത്തിലെ യുവസമൂഹം മത തീവ്രവാദി ശക്തികളുടെയും മയക്കുമരുന്ന് മാഫിയകളുടെയും പിടിയിലായ സാഹചര്യമാണ് ഇന്നുള്ളത്. ഈ പിടിയിൽ നിന്ന് യുവതയെ ദേശീയ ധാരയിലേക്ക് തിരിച്ചു കൊണ്ടുവരാനും അതിൽ കൂടി കേരളത്തിന്റെ ആദ്ധ്യാത്മിക സാമൂഹിക മേഖലകളിൽ നവസൃഷ്ടി നടത്താനുമാണ് ബജ്‌റംഗ്ദൾ ശ്രമിക്കുന്നത്. കേരളത്തിലെ എല്ലാ റവന്യൂ ജില്ലാ അടിസ്ഥാനത്തിലും യാത്രയുമായി ബന്ധപ്പെട്ട പൊതുയോഗങ്ങൾ സംഘടിപ്പിക്കും.
ഭാരതത്തിലെ പ്രമുഖ ഹൈന്ദവ നേതാക്കന്മാരും സന്യാസി ശ്രേഷ്ഠന്മാരും വിശ്വഹിന്ദു പരിക്ഷത്ത് നേതാക്കന്മാരും, പ്രവർത്തകരും, മറ്റ് പരിവാർ സംഘടന പ്രവർത്തകരും ജില്ലാ തലത്തിൽ നടക്കുന്ന പൊതുയോഗങ്ങളിൽ സംസാരിക്കും. ജാതി, മത, വർണ, വർഗ വ്യത്യാസമില്ലാതെ സനാതന സംസ്‌കാരത്തിന് പിന്തുണ നൽകുന്ന ഏത് രാഷ്‌ട്രീയ പാർട്ടികളുടെയും നേതാക്കൾക്കും പ്രവർത്തകർക്കും ബജ്റംഗദൾ സംഘടിപ്പിക്കുന്ന രഥയാത്രയിൽ പങ്കെടുക്കാവുന്നതാണെന്നും അറിയിച്ചു.
വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറൽ സെക്രട്ടറി വി.ആർ.രാജശേഖരൻ, ബജ്‌രംഗ്ദൾ ക്ഷേത്രീയ സംയോജകൻ ജിജേഷ് പട്ടേരി സംസ്ഥാന സംയോജക് അനൂപ് രാജ് എന്നിവർ നടത്തിയ വാർത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.