തിരുവനന്തപുരം: രണ്ടാം വന്ദേ ഭാരതും സൂപ്പർ ഹിറ്റ്. ടിക്കെറ്റടുക്കാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വരുന്ന അഞ്ച് ദിവസത്തേക്ക് ഒരു ക്ലാസിലും ടിക്കറ്റില്ല. സർവീസ് ആരംഭിച്ച ഇന്നലെ തന്നെ അഞ്ച് ദിവസത്തേക്കുള്ള ടിക്കറ്റ് തീർന്നു. തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരതിന് ഒക്ടോബർ ഒന്ന് വരെ ടിക്കറ്റില്ല. കാസർകോട്-തിരുവനന്തപുരം വന്ദേ ഭാരതിന് രണ്ടാം തീയതി വരെയും ടിക്കറ്റ് ലഭ്യമല്ല.
ആലപ്പുഴ റൂട്ടും മെച്ചപ്പെട്ട സമയക്രമവുമാണ് രണ്ടാം വന്ദേ ഭാരതിനെ കൂടുതൽ ആകർഷിക്കുന്നത്. ആദ്യ വന്ദേ ഭാരതിന് ലഭിച്ച അതേ സ്വീകരണം തന്നെയാണ് രണ്ടാം വന്ദേ ഭാരതിനും ലഭിക്കുന്നത്. എസി കോച്ചിനേക്കാൾ പെട്ടെന്ന് ബുക്കിംഗ് പൂർത്തിയായത് എക്‌സിക്യൂട്ടീവ് കോച്ചിലാണ്.
രാവിലെ ഏഴ് മണിക്ക് കാസർഗോഡ് നിന്ന് ആരംഭിക്കുന്ന ട്രെയിൻ കണ്ണൂർ (7.55), കോഴിക്കോട് (8.57), തിരൂർ (9.22) ഷൊർണൂർ (9.58), തൃശൂർ (10.38), എറണാകുളം (11.45), ആലപ്പുഴ (12.32), കൊല്ലം (ഉച്ചയ്‌ക്ക് 1.40), തിരുവനന്തപുരം (3.05). വൈകിട്ട് 4.05 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ കൊല്ലം (4.53), ആലപ്പുഴ (5.55), എറണാകുളം (6.35), തൃശൂർ (രാത്രി 7.40), ഷൊർണൂർ (8.15), തിരൂർ (8.52) കോഴിക്കോട് (9.23), കണ്ണൂർ (10.24), കാസർഗോഡ് (11.58) എന്നിങ്ങനെയാണ് സമയക്രമം.