എറണാകുളം: സ്വന്തം പേരിൽ ആകെയുണ്ടായിരുന്ന കിടപ്പാടം നഷ്ടപ്പെടുന്ന വേദനയിൽ സംഗീത സംവിധായകൻ രവീന്ദ്രന്റെ ഭാര്യ ശോഭ. മാഷിന്റെ സംഗീതത്തിന് വിലയായി ലഭിച്ച ഫ്ളറ്റിൽ നിന്ന് ഇറങ്ങേണ്ട അവസ്ഥയിലാണ് അതുല്യ കലാകാരന്റെ ഭാര്യ.
‘മാഷിന്റെ സംഗീതത്തിന്റെ വിലയായി കിട്ടിയ ഫ്ളാറ്റായിരുന്നു എനിക്കത്. ഇപ്പോൾ വിൽക്കാതെ നിവൃത്തിയില്ല എറണാകുളം വെണ്ണല പാലച്ചുവട്ടിലെ ഒരു വീടിന്റെ രണ്ടാം നിലയുടെ കുറച്ചുഭാഗം വാടകയ്ക്കെടുത്തു കഴിയുന്ന ശോഭ പറയുന്നു.
തനിക്കനുഭവിക്കേണ്ടിവന്ന വഞ്ചനയുടെ കഥ പറയുമ്പോഴും ‘എനിക്കാരോടും പരിഭവമില്ലെന്ന് ശോഭ ഓർമ്മിപ്പിക്കുന്നു. പലരും നൽകിയ വാക്ക് പാഴ്വാക്ക് ആയ കഥ അവർ തന്നെ പറയുന്നു.
‘ബെംഗളൂരുവിലെ ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് പത്തുവർഷം മുൻപ് രവീന്ദ്ര സംഗീത സന്ധ്യ’എന്ന പരിപാടി സംഘടിപ്പിച്ചത്. ഒരു ഫ്ളാറ്റും 25 ലക്ഷം രൂപയും നല്കുമെന്നായിരുന്നു വാഗ്ദാനം. വീട് കിട്ടുമെന്ന സന്തോഷത്തിൽ ഗായകരെയും അഭിനേതാക്കളെയും ക്ഷണിച്ചത് താൻ തന്നെയായിരുന്നു. പതിഫലം വാങ്ങാതെയാണ് എല്ലാവരും പാടിയത്. ഗ്രൗണ്ടും സൗജന്യമായി ലഭിച്ചു.
പരിപാടിയിൽ വച്ചുതന്നെ ഫ്ളാറ്റിന്റെ താക്കോൽ കൈമാറിയിരുന്നു. നിർമാതാക്കളായ ക്രിസ്റ്റൽ ഗ്രൂപ്പ് സ്പോൺസർഷിപ്പുമാർ എന്ന നിലയിൽ നല്കിയതായിരുന്നു ഫ്ളാറ്റ്. സ്പോൺസർഷിപ്പുൾപ്പെടെ ഒന്നരക്കോടിയിലധികം രൂപ സംഘാടകർക്ക് ലഭിച്ചു. 25 ലക്ഷം നൽകാമെന്നാണ് വാഗ്ദാനം ചെയ്തെങ്കിലും വെറും മൂന്ന് ലക്ഷമാണ് നൽകിയത്.
ലഭിച്ച ഫ്ളാറ്റിൽ വൈദ്യുത കണക്ഷനും ഇല്ലായിരുന്നു. ഫ്ലാറ്റ് രജിസ്റ്റർ ചെയ്ത് നല്കാനും ക്രിസ്റ്റൽ ഗ്രൂപ്പ് തയാറായില്ല. പിന്നീടാണറിഞ്ഞത് ആ അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ ഓരോ ഫ്ളാറ്റും ആറരലക്ഷം രൂപയ്ക്ക് ഈടുവെച്ചുകൊണ്ട് ക്രിസ്റ്റൽ ഗ്രൂപ്പ് വായ്പയെടുത്തിരുന്നുവെന്ന്. ഒടുവിൽ താമസക്കാരുടെ അസോസിയേഷന് ഫ്ളാറ്റുകളെല്ലാം കൈമാറി അവർ കൈകഴുകി. വായ്പയുടെ ബാധ്യത താമസക്കാരുടേതുമായി.
ഫ്ളാറ്റ് അറ്റകുറ്റപ്പണികൾക്കായി അടയ്ക്കുകയും താമസക്കാരെല്ലാം മറ്റിടത്തേക്ക് മാറുകയും ചെയ്തതോടെ അടുത്തുള്ള ഒരു വീടിന്റെ മുകൾ നിലയിലേക്ക് താമസം മാറ്റി. മൂന്നരമാസം എന്ന് പറഞ്ഞ് തുടങ്ങിയ അറ്റകുറ്റപ്പണി ഒരു വർഷമായിട്ടും പൂർത്തിയായില്ല.
അസോസിയേഷന് കൊടുക്കാനുള്ളതടക്കം ഇന്ന് ആ ഫ്ളാറ്റിൽ 12 ലക്ഷം രൂപയാണ് കടം. ആ പണം കൊടുത്താൽ മാത്രമേ ഫ്ളാറ്റിൽ താമസിക്കാൻ സാധിക്കൂ. ഈ തുക സമാഹരിക്കാൻ സാധിക്കാത്തതിനാൽ ഫ്ലാറ്റ് വിൽക്കുകയാണ് ശോഭ പറയുന്നു. സമീപത്തുള്ള ഒരു വാടക കെട്ടിടത്തിന്റെ ഒരു ചെറിയ ഭാഗത്ത് ശിഷ്ടജീവിതം കഴിക്കാനൊരുങ്ങുകയാണ് മലയാളിക്ക് ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച രവീന്ദ്രൻ മാഷിന്റെ ഭാര്യ ശോഭ.