എറണാകുളം: നെടുമ്പാശ്ശേരിയിൽ സ്വർണം കടത്തിക്കൊണ്ടുവന്ന യുവതിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച നാലംഗ സംഘം അറസ്റ്റിൽ. പോലീസിന്റെ പ്രത്യേക സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്. കോട്ടയം സ്വദേശി രജനിയെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്.
വ്യാഴാഴ്ച മൂന്ന് മണിയോടെയായിരുന്നു സംഭവം. തട്ടിക്കൊണ്ടുപോകൽ ശ്രമത്തിന് പിന്നാലെ സ്വർണം കടത്തിക്കൊണ്ടു വന്ന യുവതിയും പോലീസിന്റെ പിടിയിലായിട്ടുണ്ട്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. അറസ്റ്റിലായവരിൽ മൂന്ന് പേർ തൃശൂർ സ്വദേശികളും ഒരാൾ പാലക്കാട് സ്വദേശിയുമാണ്.
സ്വർണം കൈപ്പറ്റുന്നതിനെത്തിയ ആളും പിടിയിലായതായാണ് സൂചന. പ്രതികളെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.