പിതൃ പ്രീതികരമായ മഹാലയ പക്ഷം
പിതൃ തർപ്പണത്തിനും, പിതൃ ശുദ്ധി ക്രിയകൾക്കും വിശേഷപ്പെട്ട കാലമാണ് മഹാലയ / മഹാളയ പക്ഷം.സെപ്റ്റംബർ 29 വെള്ളിയാഴ്ച തുടങ്ങി ഒക്ടോബർ 14 വരെയാണ് ഇത്തവണത്തെ ആചരണം.
ആശ്വിന മാസത്തിലെ കൃഷ്ണപക്ഷത്തെയാണ് മഹാലയപക്ഷം എന്ന് വിശേഷിപ്പിക്കുന്നത്. ഭാരതത്തിലെ ഹൈന്ദവരെ സംബന്ധിച്ചിടത്തോളം വ്രതങ്ങൾക്കും ആചാരങ്ങൾക്കും ഏറ്റവും പ്രാധാന്യമുള്ള, ചാതുർമാസ്യം എന്ന പേരിൽ അറിയപ്പെടുന്ന നാലു മാസക്കാലം നീണ്ടുനിൽക്കുന്ന കാലത്തിനിടെയാണ് ഈ പുണ്യപക്ഷവും വരുന്നത്.(പക്ഷം എന്നാൽ 15 ദിവസം അഥവാ മാസത്തിന്റെ പകുതി എന്നർത്ഥം)
സെപ്റ്റംബർ 29 വൈകിട്ട് 3.27 ന് പൗർണ്ണമി അവസാനിക്കുന്നത് മുതൽ ആരംഭിക്കുന്ന മഹാലയപക്ഷം, ഒക്ടോബർ 14 ശനിയാഴ്ച രാത്രി 11.25 ന് അമാവാസി തിഥി കഴിയുന്നതു വരെ ഉണ്ടാകും.
മലയാളികളെ സംബന്ധിച്ചിടത്തോളം പിതൃ ശ്രാദ്ധ വിഷയത്തിൽ കർക്കിടക വാവിന് എത്രത്തോളം പ്രാധാന്യം ഉണ്ടോ, അതുപോലെയാണ് ഉത്തര ഭാരതത്തിൽ മഹാലയപക്ഷം.ചോറും എള്ളും കൂട്ടി ബലിയിടുവാനും, കാക്കകൾക്ക് അന്നം നൽകുന്നതിനും, തീർത്ഥ സ്നാനത്തിനും, ജല തർപ്പണത്തിനും ഈ ദിനങ്ങൾ ഉത്തമമത്രേ.
ഗയ, കാശി, ഹരിദ്വാർ, രാമേശ്വരം, ഗോകർണ്ണം തുടങ്ങിയ ഭാരതത്തിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഇക്കാലത്ത് തിരക്ക് വളരെയധികം വർദ്ധിക്കും. ഇതിൽ തന്നെ ഏറ്റവും വിശേഷപ്പെട്ട ദിവസം മഹാളയ പക്ഷത്തിന്റെ അവസാന ദിവസമായ, ഒക്ടോബർ 14 ശനിയാഴ്ചയാണ്. അന്നത്തെ അമാവാസി ശ്രാദ്ധം ഏറ്റവും വിശേഷമാണ്.
മരണാനന്തരം ഓരോ ജീവാത്മാവും പ്രേതാവസ്ഥയെ പ്രാപിക്കുന്നു എന്നും, ശേഷം പ്രേതാവസ്ഥയിൽ സൂക്ഷ്മശരീരിയായി വർത്തിക്കുന്ന ആത്മാവ് വിവിധ ശ്രാദ്ധകർമ്മങ്ങളിലൂടെ പ്രേതമുക്തി നേടി പിന്നീട് പിതൃക്കൾ ആയി തീരുന്നു എന്നാണ് ഋഷിവചനം.ഈ പിതൃക്കളുടെ തൃപ്തിക്കായി നിശ്ചിത വേളകളിൽ ശ്രാദ്ധദാനാദികൾ ചെയ്യേണ്ടത് പിന്തലമുറയുടെ കടമയാണ് എന്ന് ധർമ്മശാസ്ത്രങ്ങൾ അനുശാസിക്കുന്നു. ഇവ വിധിയാംവണ്ണം അനുഷ്ഠിക്കുന്നതിലൂടെ പിതൃക്കളുടെ അനുഗ്രഹത്തിന് നാം പാത്രീഭൂതരാകുന്നു.
മരണത്തിന്റെ ദേവനായ യമൻ ഭരിക്കുന്ന ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള പിതൃലോകത്ത്, മനുഷ്യരുടെ മുൻ തലമുറകൾ അഥവാ പിതൃക്കൾ വസിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. മഹാലയ പക്ഷക്കാലത്ത് പൂർവ്വികരുടെ ആത്മാക്കൾ പിതൃലോകം വിട്ട് അവരുടെ പിൻഗാമികളുടെ ഭവനങ്ങളിൽ സന്ദർശനത്തിനെത്തുന്നു എന്നാണ് വിശ്വാസം. നവരാത്രിക്ക് തൊട്ടുമുമ്പുള്ള കറുത്തവാവ് “മഹാലയ അമാവാസി” യാണ്.അന്നേ ദിവസം അന്നദാനം നടത്തുന്നത് പരമമായ പുണ്യമായി കണക്കാക്കപ്പെടുന്നു.
മഹാലയ പക്ഷത്തെ സൂചിപ്പിക്കുന്ന പുരാണ കഥാസന്ദർഭം മഹാഭാരതത്തിലെ ഐതിഹാസിക മനുഷ്യസ്‌നേഹിയായ കർണ്ണനുമായി ബന്ധപ്പെട്ടതാണ്. കർണ്ണന്റെ ആത്മാവ് പിതൃലോകത്ത് എത്തിയപ്പോൾ ഭക്ഷണമായി ലഭിച്ചത് സ്വർണ്ണവും വെള്ളിയും രത്നങ്ങളും അളവറ്റ ധനവും ആയിരുന്നു. കഴിക്കാൻ പാകത്തിനുള്ളവ ഒന്നും ലഭിച്ചില്ല. ഇതെന്തുകൊണ്ടാണ് ഇത്രയും ദാനം ചെയ്ത തനിക്ക് ഇങ്ങിനെ ഒരവസ്ഥ എന്ന് യമധർമ്മനോട് കർണ്ണൻ ചോദിച്ചു. യമധർമ്മന്റെ മറുപടി ഇപ്രകാരമായിരുന്നു.
“താനോ തന്റെ പിൻഗാമികളോ ദാനം ചെയ്‌തതാണ് തിരികെ ലഭിക്കുക. പിതൃ ശ്രാദ്ധം വിധിയാം വണ്ണം നടത്തുകയും വേണം . കർണ്ണന്റെ പുത്രന്മാരെല്ലാം യുദ്ധത്തിൽ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ സ്മരണയ്‌ക്കായി ശ്രാദ്ധം നടത്താനോ അന്നദാനത്തിനോ ആരും ഉണ്ടായിരുന്നില്ല. കൂടാതെ, കർണ്ണൻ തന്റെ ജീവിതത്തിലുടനീളം സ്വർണ്ണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മാത്രമേ ദാനം ചെയ്തിട്ടുള്ളൂ. അന്നദാനവും നടത്തിയിട്ടില്ല തന്റെ പൂർവ്വികരുടെ ഓർമ്മയ്‌ക്കായി അദ്ദേഹം ഒരിക്കലും ശ്രാദ്ധവും ഊട്ടിയിട്ടില്ല.”
അതുകൊണ്ടു കര്ണ്ണന് മാത്രമായി ഇളവുകൾ ലഭിക്കില്ലെന്നും, യമധർമ്മൻ പറഞ്ഞു.
(ശിവപുരാണത്തിലാണ് അന്നദാനത്തെകുറിച്ച് പറയുന്നത്.
‘ഗജതുരംഗസഹസ്രം ഗോകുലം കോടി ദാനം
കനകരചിത പാത്രം മേദിനിസാഗരാന്തം;
ഉദയകുല വിശുദ്ധം കോടി കന്യാപ്രദാനം
നഹി നഹി ബഹുദാനം അന്നദാനസുസമാനം’
എന്നാണ് അന്നദാനത്തെ പ്രകീര്‍ത്തിക്കുന്നത്. അതായത് ആയിരം കൊമ്പനാനകള്‍, ആയിരം പടക്കുതിരകള്‍, ഒരു കോടി പശുക്കള്‍, നവരത്‌നങ്ങള്‍ പതിച്ച അനവധി സ്വര്‍ണ്ണാഭരണങ്ങള്‍, പാത്രങ്ങള്‍, സമുദ്രത്തോളം ഭൂമീ എന്നിങ്ങനെ നിരവധി ദാനങ്ങള്‍ ചെയ്താലും അതൊന്നും അന്നദാനഫലത്തിന് തുല്യമാകില്ല എന്നാണ്).
തന്റെ പൂർവ്വികരെക്കുറിച്ച് തനിക്ക് അറിയാത്തതിനാലായിരുന്നു അവരുടെ ഓർമ്മയ്‌ക്കായി ശ്രാദ്ധം നടത്തുകയോ അന്നദാനം നടത്തുകയോ ചെയ്യാത്തതെന്ന് കർണൻ മറുപടി നൽകി. ഈ കുറവ് നികത്താൻ തന്നെ ഒരു പക്ഷക്കാലത്തേക്ക് ഭൂമിയിലേക്ക് തിരിച്ചയക്കണമെന്ന് അദ്ദേഹം യമനോട് അപേക്ഷിച്ചു. യമൻ സമ്മതിക്കുകയും അവനെ ഭൂമിയിലേക്ക് തിരികെ അയക്കുകയും ചെയ്തു. ആ 14 ദിവസം കർണ്ണൻ ദരിദ്രർക്ക് ഭക്ഷണം നൽകുകയും ബലി തർപ്പണങ്ങൾ നടത്തി പിതൃ പ്രീതി വരുത്തുകയും ചെയ്തു. ഈ 14 ദിവസങ്ങൾ മഹാലയ പക്ഷമായി അനുസ്മരിക്കുന്നു.
ഈ 14 ദിവസങ്ങളിൽ ഒരാൾ നടത്തുന്ന വഴിപാടുകൾ ദാതാവുമായി ബന്ധപ്പെട്ടവരായാലും അല്ലാത്തവരായാലും മരിച്ചുപോയ എല്ലാ ആത്മാക്കൾക്കും പ്രയോജനം ചെയ്യുമെന്നും യമൻ വിധിച്ചു. അവസാന ദിവസം, മഹാലയ അമാവാസിയിൽ, പരേതരായ എല്ലാ ആത്മാക്കൾക്കും ശ്രാദ്ധം സമർപ്പിക്കുന്നു.
മഹാലയ പക്ഷകാലത്ത് “ഓം നമോ നാരായണായ” എന്ന മന്ത്രം നിത്യവും 108 ഉരു ജപിക്കുന്നത് ശ്രേയസ്‌ക്കരമാണ്.
“അനാദി നിധനോ ദേവ ശംഖ ചക്ര ഗദാധര
അക്ഷയപുണ്ഡരീകാക്ഷ പ്രേത മുക്‌തി പ്രദോ ഭവ:” ഈ ശ്ലോകം മഹാലയ പക്ഷക്കാലത്ത് ജപിക്കുന്നതും പിതൃ മോക്ഷദായകമാണ്.
ഡോ: മഹേന്ദ്ര കുമാർ പി എസ്
ഫോൺ : 9947943979
(ജ്യോതിഷ ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ: പി എസ് മഹേന്ദ്രകുമാർ അറിയപ്പെടുന്ന ഒരു ജ്യോതിഷ വിശാരദനാണ്)