സാധാരണഗതിയിൽ വാർദ്ധക്യത്തിലെത്തിയാൽ പിന്നെ ഒരു മൂലയ്‌ക്ക് ഒതുങ്ങി കൂടുന്നതാണ് എല്ലാവരുടെയും പതിവ്. എന്നാൽ സ്വപ്‌നങ്ങൾക്ക് കാലവധിയോ പരിധിയോ ഇല്ലെന്ന് തെളിയ്ച്ചിരിക്കുകയാണ് 74 വയസുകാരനായ റാംജി എന്ന രാമനാഥൻ സ്വാമിനാഥൻ. ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഇസ്രോയ്‌ക്ക് വേണ്ടി മോഡലുകൾ നിർമ്മിക്കുന്നത് റാംജി ആണ്.
ഇസ്രോയ്‌ക്ക് വേണ്ടി റോക്കറ്റിന്റെ ബ്രാസ് മോഡൽ നിർമ്മിച്ചതോടെയാണ് റാംജിയുടെ ജീവിതം മാറി മറിഞ്ഞത്. കപ്പാസിറ്റി ബിൽഡിംഗ് ആന്റ് പബ്ലിക് ഔട്ട്‌റീച്ച് (CBPO) സംഘം റാംജിയുടെ മോഡൽ കണ്ടതോടെ, നിർമ്മാണത്തിലെ വൈദഗ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രോത്സാഹനവുമായി രംഗത്തെത്തുകയായിരുന്നു. തുടർന്ന് കൂടുതൽ റോക്കറ്റുകളുടെ മാതൃക നിർമ്മിക്കാൻ നിർദ്ദേശിച്ചു. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ‘ക്രാഫറ്റ്‌സാൻ എഞ്ചിനീയറിംഗ് മോഡൽസ്’ എന്ന ഫാക്ടറി പിറന്നു. പിന്നീട് റാംജിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മൈസൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫാക്ടറിക്ക് ആദ്യത്തെ ഓർഡർ ലഭിച്ചത് ഐഎസ്ആർഒയിൽ നിന്നായിരുന്നു. മാസങ്ങൾക്കുള്ളിൽ ആറ് ബസുകളിലായാണ് ഇസ്രോയുടെ റോക്കറ്റുകളുടെ മോഡലുകൾ എത്തിയത്. അതിനുശേഷം ആയിരക്കണക്കിന് റോക്കറ്റ് മോഡലുകളും കിറ്റുകളും നിർമ്മിക്കാനാണ് ഇസ്രോ നിർദ്ദേശിച്ചത്.
50-75 അടി ഉയരമുള്ള മോഡലുകളാണ് ഫാക്ടറിയിൽ നിർമ്മിക്കുന്നത്. ചന്ദ്രയാൻ 1,2,3, ഗഗൻയാൻ എന്നിങ്ങനെയുള്ള നിരവധി ദൗത്യങ്ങളുടെ മാതൃകയാണ് റാംജിയുടെ നേതൃത്വത്തിൽ നിർമ്മിച്ചിട്ടുള്ളത്. ഇസ്രോയ്‌ക്ക് പുറമേ സർവകലാശാലകൾക്കും സ്‌കൂളുകൾക്കും സ്വകാര്യ ഡീലർമാർക്കും റാംജി റോക്കറ്റുകൾ നിർമ്മിച്ച് നൽകുന്നു. ഡിസൈനർമാസരും എഞ്ചിനീയർമാരും ഉൾപ്പെടെ 50 അംഗ ടീമാണ് 74-കാരന് കീഴിൽ പ്രവർത്തിക്കുന്നത്.
മരപ്പണി തൊഴിൽ ഉപേക്ഷിച്ചാണ് റാംജി മിനിയേച്ചർ മോഡൽ നിർമ്മാണത്തിലേക്ക് തിരിഞ്ഞത്. തമിഴ്‌നാട്ടിലെ തഞ്ചാവൂർ സ്വദേശിയാണ് റാംജി. എഞ്ചിനീയറായ പിതാവ് പൂനെയിൽ നിന്ന് വന്നപ്പോൾ എട്ട് വയസുകാരനായ റാംജിക്ക് മിനിയേച്ചർ മോഡലുകൾ നിർമ്മിക്കുന്ന മെക്കാനോ സെറ്റ് വാങ്ങി നൽകി. ഇതിൽ നിന്നാണ് മോഡൽ നിർമ്മാണത്തിലുള്ള പ്രാവീണ്യം തിരിച്ചറിയുന്നത്. അന്നത്തെ കാലത്ത് വൻ വിലയുള്ള സെറ്റ് വളരെ സൂക്ഷമതയോടെയും മികവോടെയും ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മുത്തച്ഛൻ റാംജിക്കായി തടി കിറ്റുകളും ബ്ലോക്കുകളും വാങ്ങി നൽകി. തുടർന്ന് ഇത് ഉപയോഗിച്ചായി റാംജിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ.
കുറച്ച് വർഷങ്ങൾക്ക് ശേഷം പിതാവ് അദ്ദേഹത്തിന് എഞ്ചിനീയറിംഗ് പുസ്തകങ്ങൾ വാങ്ങി നൽകി. എഞ്ചിനീയറിംഗ് ലോകത്തേക്കുള്ള വാതിലായിരുന്നു ആ പുസ്തകങ്ങളെന്ന് റാംജി പറയുന്നു. 1961-62 കാലത്ത് അച്ഛൻ രണ്ട് രൂപയ്‌ക്ക് വാങ്ങിയ നാല് എഞ്ചിനീയറിംഗ് പുസ്തകങ്ങൾ എനിക്ക് ഒരു പുതിയ ലോകം തുറന്നു തന്നു. ആ പുസ്തകങ്ങൾ എന്റെ ബൈബിളാണ്, അവയും മെക്കാനോയും ഇപ്പോഴും എന്റെ പക്കലുണ്ട് 79-കാരനായ അദ്ദേഹം പറയുന്നു. തുടർന്ന് മോഡൽ നിർമ്മാണത്തിലും എഞ്ചിനീയറിംഗിലും അതീവ താല്പര്യമുള്ള അദ്ദേഹം പൂനെയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിച്ചു. സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് അതിയായ ആഗ്രഹമുള്ള റാംജിയ്‌ക്ക് ഈ രംഗത്ത് പച്ച പിടിക്കാൻ കഴിഞ്ഞില്ല. മോഡൽ നിർമ്മാണത്തിന് വരുന്ന ഭീമാകാരമായ തുകയായിരുന്നു ഇതിന് പിന്നിൽ. തുടർന്ന് മരപ്പണി പഠിച്ചും ജോലിയെടുത്തും അദ്ദേഹം ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നതോടെ അതിനും ഷട്ടർ വീണു.
എന്നാൽ തളരാൻ മനസില്ലാതിരുന്ന റാംജി വീണ്ടും ഉയിർത്തെഴുന്നേറ്റു. 2002 മുതൽ അദ്ദേഹം ഇന്റീരിയർ ഡിസൈൻ കൺസൾട്ടിംഗ് ചെയ്യാൻ തുടങ്ങി. എന്നിരുന്നാലും മോഡൽ നിർമ്മാണത്തിലായിരുന്നു അദ്ദേഹത്തിന് താത്പര്യം. പിന്നീട് മൈസൂരിലേക്ക് താമസം മാറിയ ശേഷം തീവണ്ടികളുടെയും റോക്കറ്റുകളുടെയും ചെറിയ മാതൃകകൾ വീട്ടിൽ നിർമ്മിക്കാൻ തുടങ്ങി. . ഈ ഹോബി കാലക്രമേണ വളർന്ന് നൂറുകണക്കിന് മോഡലുകൾ ഇന്ന് നിർമ്മിക്കുന്നു. നിശ്ചയദാർഢ്യത്തിന്റെയും അതിയായ ആഗ്രഹത്തിന്റെയും ഉദാഹരണമാണ് ഈ മനുഷ്യൻ. ചെയ്യാൻ മനസുണ്ടെങ്കിൽ പരിശ്രമിക്കാൻ തയ്യാറാണെങ്കിൽ കിട്ടാത്തതായി ഒന്നുമില്ലെന്ന് തെളിച്ച 74-കാരനെ മാതൃകയാക്കാം.