സുന്ദരേശ്വരഭഗവാൻ ഒരു ബ്രാഹ്മണന്റ പാപം നശിപ്പിച്ച ലീലയാണ് ഇത്.
‘അവന്തി’ നഗരത്തിൽ ഒരു സുന്ദരനായ ബ്രാഹ്മണനും സുന്ദരിയായ അദ്ദേഹത്തിന്റ പത്‌നിയും സന്തോഷം ജീവിതം നയിച്ചു വന്നിരുന്നു. അവർക്ക് ഒരു പുത്രനും ഉണ്ടായി. പുത്രൻ യൗവ്വനാവസ്ഥയിലെത്തിയപ്പോൾ ദുർമനോഭാഭാവക്കാരനായി മാറി. ഒരു മാതാവിനോട് പെരുമാറുന്നത് പോലെയായിരുന്നില്ല പുത്രന്റ പെരുമാറ്റം . പുത്രന്റ മനോഭാവവും ജീവിതരീതിയും ജീവിത രീതിയും കണ്ടപ്പോൾ പിതാവിന് ലജ്ജയും വിഷാദവും ഉണ്ടായി. ഈ കാര്യം മറ്റുളളവരെ അറിയിക്കുന്നത് ശരിയല്ലെന്ന് തോന്നിയ ബ്രാഹ്മണൻ മൗനം അവലംബിച്ചു. തന്റ മനോഭാവവും കർമ്മങ്ങളും പിതാവ് മനസിലാക്കി എന്നറിഞ്ഞപ്പോൾ പുത്രൻ പിതാവിന്റ കണ്ഠത്തെ വെട്ടി രണ്ടാക്കി മാറ്റി. കാമ മോഹിതർക്ക് മാതാവെന്നോ പിതാവെന്നോ ഉള്ള സ്‌നേഹം ഇല്ലെന്ന് പുത്രൻ മാതാവിനോട് പറഞ്ഞു. പിതാവിന്റ മൃതദേഹം ദഹിപ്പിച്ചശേഷം ആ ഭവനത്തിൽ വസിക്കുന്നത് ശരിയല്ലെന്ന് പുത്രന് തോന്നി. അതുകൊണ്ട് കൈവശം ഉള്ള ധനം എടുത്ത് കൊണ്ട് മാതാവിനൊപ്പം യാത്ര ചെയ്തു. മാർഗ്ഗ മദ്ധ്യേ കള്ളന്മാർ ധനം അപഹരിച്ചു. കൂട്ടത്തിൽ മാതാവിനെയും പിടിച്ചുകൊണ്ട്്‌പോയി ഉടുത്ത വസ്ത്രം മാത്രം സ്വന്തമായി ഉള്ള യുവാവ് തന്റ കഷ്ടകാലത്തെ ക്കുറിച്ച് ചിന്തിച്ചു കൊണ്ട് ജീവിതം നയിച്ചു. എല്ലാം നഷ്ടപ്പെട്ട യുവാവ് തന്റ ദുഷ്‌കർമ്മങ്ങളെ കുറിച്ച് പശ്ചാത്തപിച്ചു. പാപം ശമിക്കുവാൻ തീർത്ഥ സ്‌നാനം നല്ലതായിരിക്കുമെന്ന് വിചാരിച്ച് അതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ബ്രാഹ്മണനെ വധിച്ചതുകൊണ്ട് ബ്രഹ്മഹത്യാദി പാപം പിന്നാലെ വരുന്നതായി യുവാവിന് അനുഭവപ്പെട്ടു. ഓടിയും നടന്നും പൂർവ്വ പുണ്യത്താൽ മധുരാപുരിയിൽ എത്തി.
സുന്ദരേശഭഗവാനും മനാക്ഷി ദേവിയും കിരാത വേഷം ധരിച്ച് ഗോപുരത്തിൽ പല കാര്യങ്ങളും സംസാരിച്ച് കൊണ്ടിരുന്നു. കാമദേവന്റ പ്രഭാവങ്ങളെ കുറിച്ചാണ് അവർ പറഞ്ഞു കൊണ്ടിരുന്നത്.അതിന്റ ചുരുക്കം ഇതാണ്.
“കാമൻ ദുഷ്ടന്മാരുടെ മനോധൈര്യം നഷ്ടപ്പെടുത്തുന്നു. ചിലർ കാമിനിമാർക്ക് സന്തോഷം നല്കുവാൻ അർദ്ധരാത്രിയിൽ മോഷണം നടത്തി പണം സമ്പാദിക്കുന്നു .മറ്റ് ചിലർ നിത്യ കർമ്മങ്ങൾ ഉപേക്ഷിച്ച് കാമിനിക്കുവേണ്ടി ഭൃത്യ ജോലിചെയ്യുന്നു. ചിലർ സുന്ദരിമാർക്ക് വേണ്ടി സ്വന്തം ഭവനം നശിപ്പിക്കുന്നു. ഇതിനെല്ലാം കാരണം കാമദേവനാണ്. അതുകൊണ്ടാണ് മനസിനെ ഇളക്കുന്നവൻ എന്ന അർത്ഥത്തിൽ മന്മഥൻ എന്ന നാമം ഉണ്ടായത്. സ്വന്തം പത്‌നിയോടൊപ്പം ജീവിക്കുന്നതിൽ ദോഷം ഇല്ല. അന്യന്റ പത്‌നിയെ കാമിക്കുന്നവൻ പാപിയാണ്. എനിക്ക് പ്രിയപ്പെട്ടവനായ കാമന്റ സ്വാധീനം അല്പമാകാം കൂടുതലായാൽ നിന്ദ്യമാണ്.”
ഇങ്ങനെ പാർവതി പരമേശ്വരന്മാർ വേഷ പ്രച്ഛന്നരായ്‌സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പിതാവിനെ വധിച്ച ബ്രാഹ്മണ യുവാവ് അവിടെ വന്നു ചേർന്നു. ഉമാ മഹേശ്വരന്മാർ യുവാവിനെ വിളിച്ച കാരുണ്യത്തോടെ ഇങ്ങനെ പറഞ്ഞു.
“പിതാവിനെ വധിച്ച ദുഷ്ടാ നീ ചെയ്ത പാപത്തിന് പ്രായശ്ചിത്തം ഇല്ല. എങ്കിലും പശ്ചാത്താപത്താൽ ദുഃഖിതനായി ജീവിക്കുന്നതു കൊണ്ട് പാപങ്ങൾ തീരുവാനുള്ള പ്രായശ്ചിത്തം പറഞ്ഞു തരാം .ദാനം ചെയ്യുത് നല്ലതാണ്. അതിന് വേണ്ടി കൈയ്യിൽ ഒന്നും ഇല്ലാത്തത് കൊണ്ട് അതിനെ കുറിച്ച് പറയുന്നില്ല. നിനക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ പറയാം. നിത്യവും കറുകപ്പുല്ലും വെള്ളവും ആദരവോടുകൂടി പശുക്കൾക്ക് നല്കണം. നിത്യവും ഭക്തി പൂർവ്വം ശിവഭഗവാനെ പ്രദക്ഷിണം വയ്‌ക്കണം, ശിവ ഭക്തന്മാരെ ശുശ്രൂഷിക്കണം. ശിവനെ അഭിഷേകം ചെയ്യുന്ന ജലത്താൽ മൂന്നാഴ്ച നീ സ്‌നാനം ചെയ്യണം. ഭിക്ഷയെടുത്ത് കിട്ടുന്ന ഭക്ഷണം ഒരു നേരം മാത്രം കഴിക്കണം. മനസിനെയും ശരീരത്തെയും നിയന്ത്രിച്ച് മൂന്നു മാസം ഇങ്ങനെ ജീവിച്ചാൽ നിന്റ പാപങ്ങൾ നശിക്കും. അതുകൊണ്ട് ജിതേന്ദ്രിയനായി ജീവിക്കുക.”
ഭഗവാന്റ ഈ തിരുമൊഴികൾ കേട്ടപ്പോൾ ദേവി സ്തുതിച്ചു. ശിവഭഗവാൻ ദേവിയോട് ഇങ്ങനെ പറഞ്ഞു.
”ധർമ്മവും നന്മയുമുള്ള ഒരാളെ നാം സംരക്ഷിക്കേണ്ടല്ലോ.. ധർമ്മവും ആചാരവും വെടിഞ്ഞ് പാപത്തോടുകൂടി നടക്കുന്ന ഒരാളെയാണ് രക്ഷിക്കേണ്ടത്. അ തുകൊണ്ടാണ് പാപിയായ ബ്രാഹ്മണ യുവാവിന് ധർമ്മോപദേശം നൽകിയത്”
ഇങ്ങനെയുള്ള ഭാഷണങ്ങൾക്കുശേഷം ജഗത് പിതാക്കൾ അപ്രത്യക്ഷരായി. ബ്രാഹ്മണന്റ പാപം മാറാൻ സദുപദേശങ്ങൾ നല്കാൻ വേണ്ടിയാണ് ശിവഭഗവാനും പാർവ്വതി ദേവിയും കിരാത വേഷത്തിൽ ഗോപുരത്തിൽ ഇരുന്നത്. ഏറ്റവും വലിയ പാപിയായ ബ്രാഹ്മണനെ പാപരഹിതനാക്കുവാൻ പ്രത്യക്ഷപ്പെട്ട ജഗദീശ്വരന്റയും ജഗഗാംബയുടെയും ഈ കഥ ഹൃദിസ്ഥമാക്കിയാൽ പാപങ്ങൾ പൂർണമായും നശിക്കുകയും ഐശ്വര്യം കൈവരുകയും ചെയ്യും.
അടുത്ത ഹാലാസ്യ മാഹാത്മ്യം27 – ആചാര്യ പത്‌നീരക്ഷണം
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്.
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും
https://janamtv.com/tag/halasya-mahatmyam/