ന്യൂഡൽഹി: ഇനി മുതൽ വന്ദേ ഭാരത് എക്സ്പ്രസുകൾ 14 മിനിറ്റിനുള്ളിൽ വൃത്തിയാക്കി അടുത്ത യാത്രയ്‌ക്ക് സജ്ജമാകും. 14 മിനിറ്റ് മിറാക്കിൾ എന്ന് പറയപ്പെടുന്ന ഈ സംരംഭത്തിന് ഞായറാഴ്ച തുടക്കമാകും. ന്യൂഡൽഹിയിലെ ആനന്ദ് വിഹാർ, ചെന്നൈ, പുരി, ഷിർദി എന്നിവയുൾപ്പെടെ 29 ഇടങ്ങളിലാകും സംരംഭത്തിന് തുടക്കമാകുക.
വന്ദേഭാരത് എക്‌സ്പ്രസുകൾ വൃത്തിയാക്കി അടുത്ത യാത്രയ്‌ക്ക് സജ്ജമാക്കാൻ ഏകദേശം 45 മിനിറ്റ് ആണ് എടുക്കുക. ഇതിനാണ് ഒരു പരിഹാരമാർഗ്ഗമായിരിക്കുന്നത്. ഞായറാഴ്ച ഡൽഹിയിൽ ഈ സംരംഭത്തിന് തുടക്കമാകുമ്പോൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സന്നിഹിതനായിരിക്കും. വന്ദേഭാരത് എക്‌സ്പ്രസുകളുടെ ഓരോ കോച്ചിലും മൂന്ന് ക്ലീനിംഗ് സ്റ്റാഫുകളാകും ഉണ്ടാകുകയെന്ന് അധികൃതർ വ്യക്തമാക്കി. ഇതിന് മുന്നോടിയായി ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ട്.
സ്വച്ഛത ഹി സേവ ക്യാമ്പയിന്റെ ഭാഗമായി 14 മിനിറ്റ് മിറാക്കിൾ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുകയാണെന്ന് റെയിൽവേ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. എല്ലാ യാത്രികരും കൃത്യസമയത്ത് തന്നെ ടെർമിനൽ സ്റ്റേഷനിൽ ഇറങ്ങിയെന്ന് ഉറപ്പാക്കിയതിന് ശേഷമായിരിക്കും ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുക. 14 മിനിറ്റിനുള്ളിൽ ശുചീകരണം പൂർത്തിയാക്കും.