മേഘങ്ങളിലും മഞ്ഞിലും പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയതായി ജപ്പാനിലെ ഗവേഷകർ. മനുഷ്യന്റെ ഇടപെടൽ മൂലം പ്രകൃതി എത്രമാത്രം മലിനമാക്കപ്പെട്ടുവെന്നാണ് കണ്ടെത്തൽ സൂചിപ്പിക്കുന്നതെന്ന് ഗവേഷകർ വ്യക്തമാക്കി. ജപ്പാനിലെ വസേഡ സർവകലാശാലയിൽ നിന്നുള്ള ഗവേഷണ പ്രസിദ്ധീകരണത്തിലാണ് ഇതുസംബന്ധിച്ച പഠന റിപ്പോർട്ടുള്ളത്.
പർവ്വതങ്ങളിൽ നിന്നുള്ള മൂടൽ മഞ്ഞ് ശേഖരിച്ചായിരുന്നു പഠനം. ഇവയിൽ നിന്നും പത്തോളം വ്യത്യസ്ത തരം പ്ലാസ്റ്റിക് കണികകൾ കണ്ടെത്തി. ഇതിൽ ഒമ്പതെണ്ണം പോളിമറുകളും ഒരെണ്ണം റബ്ബറുമാണ്. പ്ലാസ്റ്റിക്കുകളുടെ മൈക്രോസ്‌കോപിക് കണികകളാണ് കണ്ടെത്താൻ കഴിഞ്ഞത്. അഞ്ച് മില്ലി മീറ്ററിൽ താഴെയാണ് ഇവയുടെ വലിപ്പം. പ്ലാസ്റ്റിക് മലിനികരണത്തിന്റെ ഫലമാണിത്. പുറത്തേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കാലക്രമേണ കുഞ്ഞൻ കഷ്ണങ്ങളായി വിഘടിച്ച് അന്തരീക്ഷത്തിലേക്കും മനുഷ്യശരീരത്തിലേക്കും ജീവിവർഗങ്ങളിലേക്കും കടക്കുന്നു.
ആഹാരമായി അകത്തെത്തുന്ന എല്ലാ പദാർത്ഥങ്ങളിലും, കഴിക്കുന്നതിലും കുടിക്കുന്നതിലുമെല്ലാം ഇത്തരത്തിൽ പ്ലാസ്റ്റിക് കണികകൾ അടങ്ങിയിട്ടുണ്ടാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. ജപ്പാനിലെ ഒയാമ പർവ്വതത്തിന്റെ കൊടുമുടിയിൽ നിന്നും ഫുജി പർവ്വതത്തിന്റെ മുകളിൽ നിന്നുമാണ് പഠനവിധേയമാക്കിയ മഞ്ഞും മേഘവും ശേഖരിച്ചത്. മേഘങ്ങളിൽ ഇത്തരത്തിൽ പ്ലാസ്റ്റിക് അടിഞ്ഞുകൂടുമ്പോൾ ഭാവിയിൽ പെയ്യാൻ പോകുന്ന മഴയിലും പ്ലാസ്റ്റിക് ഉണ്ടാകുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.