ന്യൂഡൽഹി: ലഹരി മാഫിയ ഒളിപ്പിച്ച വൻ മയക്കുമരുന്ന് ശേഖരം ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ കസ്റ്റംസ് ചീഫ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. ദ്വീപുകളിൽ നടത്തിയ പരിശോധനയുടെയും, ലഹരി വസ്തുക്കൾ കണ്ടെത്തിയതിന്റെയും വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് കസ്റ്റംസ് പ്രിവൻ്റീവ് കമ്മീഷണർ ചീഫ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയത്.
ലഹരി മാഫിയ സംഘങ്ങൾ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലൊളിപ്പിച്ചത് ആയിരം കിലോയിലധികം മെതാഫെറ്റമിനാണെന്നാണ് സൂചന. എന്നാൽ ഒളിപ്പിച്ച ലഹരി വസ്തുക്കളിൽ ചെറിയൊരു ഭാഗം മാത്രമേ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളു. ലഹരിശേഖരം മുഴുവനായും കണ്ടെത്തുക അസാധ്യമാണെന്നാണ് കസ്റ്റംസ് റിപ്പോർട്ട്.
2019 സെപ്റ്റംബറിൽ കാർ നിക്കോബാർ കടൽ തീരത്ത് കോസ്റ്റ് ഗാർഡ് – നാവിക സേന വിഭാഗങ്ങൾ വളഞ്ഞപ്പോൾ മ്യാൻമർ ലഹരിക്കടത്ത് സംഘം മുക്കിയ കപ്പലിൽ നിന്ന് മയക്കുമരുന്ന് പാക്കറ്റുകൾ ആൻഡമാൻ നിക്കോബാർ തീരത്തേക്ക് അടിയുകയായിരുന്നു. വായു കടക്കാത്ത ബോക്സുകളിലാക്കിയ മയക്കുമരുന്ന് ലഹരി സംഘങ്ങൾ തന്നെ പിന്നീട് ഒളിപ്പിക്കുകയായിരുന്നു.
പിന്നീട് തദ്ദേശവാസികൾക്കും ബോക്സുകൾ ലഭിച്ചു. കോടികൾ ലഭിക്കുന്ന മയക്കുമരുന്നാണ് കിട്ടിയതെന്നറിഞ്ഞതോടെ വിൽപ്പനയിലേക്ക് തിരിയാൻ ശ്രമിച്ച ദ്വീപ് വാസികളെ ഇവിടെയെത്തിയ കസ്റ്റംസ് – എക്സൈസ് സംഘങ്ങൾ ബോധവൽക്കരിച്ചിരുന്നു. തുടർന്ന് പലരും കളക്ടർക്ക് മുന്നിൽ തങ്ങൾക്ക് ലഭിച്ച മയക്കുമരുന്ന് പൊതികൾ സറണ്ടർ ചെയ്ത് നിയമനടപടികളിൽ നിന്ന് ഒഴിവായിരുന്നു. ലഹരിക്കേസിൽ തുടരന്വേഷണത്തിനായിവീണ്ടും കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം വിണ്ടും കാർ നിക്കോബാർ ദ്വീപുകളിലേക്ക് തിരിക്കുന്നുണ്ട്. കാർ നിക്കോബാർ ദ്വീപിൽ പരിശോധനയ്‌ക്കെത്തിയ എക്സൈസ് സംഘവും ചീഫ് കമ്മീഷണർക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.
ചൈനീസ് തേയിലയെന്ന് രേഖപ്പെടുത്തിയ പാക്കറ്റുകളിലായിരുന്നു മയക്കുമരുന്ന് കടത്തിയത്. ആൻഡമാൻ വഴി ഇന്ത്യയിലെ വൻ നഗരങ്ങളിലേക്കും ലഹരിക്കടത്ത് തുടർന്നേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ കസ്റ്റംസ് – എക്സൈസ് വിഭാഗങ്ങൾ ജാഗ്രത തുടരുന്നുണ്ട്.