ശ്രീനഗർ: സൗരോർജ്ജം ഉപയോഗിച്ച് സാധാരണ സൈക്കിളിനെ ഇലക്ട്രോണിക് സൈക്കിളാക്കി മാറ്റി 84-കാരൻ. കശ്മീരിലെ ഉധംപൂർ സ്വദേശിയായ മുൻഷി റാമാണ് സോളാർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇ-സൈക്കിൾ നിർമ്മിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘ഗ്രീൻ ഇന്ത്യ’, ‘വോക്കൽ ഫോർ ലോക്കൽ’ എന്നീ സംരംഭങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇ-സൈക്കിൾ നിർമ്മിക്കാൻ തീരുമാനിച്ചതെന്ന് മുൻഷി റാം പറഞ്ഞു. ഉപേക്ഷിച്ച ലാപ്ടോപ്പ് ബാറ്ററികളും ഇ-വേസ്റ്റും ഉപയോഗിച്ചാണ് ഇ-സൈക്കിൾ നിർമ്മിച്ചിരിക്കുന്നത്. സൈക്കിൾ ചാർജ് ചെയ്യുന്നതിനായി വീടിന്റെ മുകളിലായി ഒരു സോളാർ പാനൽ അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.
താൻ എപ്പോഴും പൊതു ഗതാഗതത്തേക്കാൾ ഇ-സൈക്കിൾ ഉപയോഗിക്കാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്. നിരവധി ആളുകൾ ബാറ്ററികളും ഇലക്ട്രോണിക് മാലിന്യങ്ങളും അലക്ഷ്യമായി ഉപേക്ഷിക്കുന്നു. ഇത് നമ്മുടെ മണ്ണിനെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുകയാണ് ചെയ്യുക. ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്നുൾപ്പെടെ മറ്റ് മലിനീകരണങ്ങളിൽ നിന്ന് നമ്മുടെ മണ്ണിനെ സംരക്ഷിച്ച് ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാൻ എല്ലാവരും ശ്രമിക്കണമെന്നും മുൻഷി റാം പറഞ്ഞു.