തൃശൂർ : സി.പി.എമ്മിലെത്തിയ നടൻ ഭീമൻ രഘുവിന്റെ പേരിൽ സി.പി.എം. പ്രവർത്തകരുടെ പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകളിൽത്തന്നെ ട്രോളുകൾ നിറയുന്നു. നേതൃത്വം രഘുവിനെ തള്ളിപ്പറയണമെന്നാണ് ഗ്രൂപ്പുകളിൽ ആവശ്യമുയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ ഭീമൻ രഘു സദസിൽ എഴുന്നേറ്റ് നിന്നതിന് പിന്നാലെ നിരവധി ട്രോളുകളാണ് ഇറങ്ങിയത് .
സിനിമ പ്രചാരണത്തിനും ഭീമൻ രഘു ചെങ്കൊടിയുമായി എത്തിയതിന് പിന്നാലെ ഇടതുസഹയാത്രികരിൽപലരും രഘുവിന്റെ നടപടി നല്ലസന്ദേശമല്ലെന്ന വിമർശനവുമായി രംഗത്തെത്തി. കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രനെതിരേ മത്സരിക്കുമെന്നതടക്കമുള്ള പ്രതികരണങ്ങളും ട്രോളുകളായി. ഇനി ഇടതുപക്ഷ സ്നേഹം കൂടി ഭീമൻ രഘു തന്റെ പേര് രഘുവേര എന്നാക്കി മാറ്റുമെന്ന തരത്തിലുള്ള ട്രോളുകളും പ്രചരിക്കുന്നുണ്ട്
അതേസമയം ട്രോളൻമാര് കാരണം പബ്ലിസിറ്റി ലഭിച്ചുവെന്ന് അഭിമുഖത്തിൽ ഭീമൻ രഘു തുറന്നു സമ്മതിക്കുകയും ചെയ്യുന്നു. സോഷ്യൽ മീഡിയയിൽ കമ്മിയെന്നോ കുമ്മിയെന്നോ ഒക്കെ വിളിക്കുമായിരിക്കും താൻ അത് ശ്രദ്ധിക്കാറില്ല.തനിക്ക് റോൾ മോഡൽ ആരുമില്ല, താൻ തന്നെയാണ് തന്റെ റോൾ മോഡലെന്നുമുള്ള ഭീമൻ രഘുവിന്റെ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.